മാഞ്ചസ്റ്റർ: പുതിയ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി ഞെട്ടിക്കുന്ന മേക്കോവറുമായി മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലൻഡ്. തന്റെ സിഗ്നേച്ചർ ലുക്കായ നീളൻ മുടിയും തലമുടിക്കെട്ടും (Man Bun) പൂർണ്ണമായി ഉപേക്ഷിച്ച് ‘ബസ്സ് കട്ട്’ (Buzz Cut) ഹെയർസ്റ്റൈലിലേക്ക് മാറിയിരിക്കുകയാണ് താരം.
“പുതിയ സീസൺ, പുതിയ ലുക്ക്” എന്ന കുറിപ്പോടെ ഹാലൻഡ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും പുതിയ ചിത്രം പങ്കുവെച്ചത്. വൈക്കിംഗുകൾ എപ്പോഴും മുടി ചെറുതായി വെട്ടാറുണ്ടെന്നും പുതിയൊരു തുടക്കത്തിനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഹാലൻഡ് വ്യക്തമാക്കി.
ഫോൺ വിളിച്ച് ഞെട്ടിച്ചു; സ്ലാറ്റന്റെ രൂക്ഷ പ്രതികരണം!
മുടി വെട്ടിയതിന് ശേഷം തന്റെ പ്രിയപ്പെട്ട താരങ്ങളെയും സുഹൃത്തുക്കളെയും വീഡിയോ കോൾ ചെയ്താണ് ഹാലൻഡ് പുതിയ ലുക്ക് കാണിച്ചത്. എന്നാൽ പ്രതികരണങ്ങൾ വളരെ രസകരമായിരുന്നു:
സ്ലാറ്റൻ ഇബ്രാഹിമോവിച്ച്: ഹാലൻഡിന്റെ ആരാധനാപാത്രമായ ഇബ്രാഹിമോവിച്ച് വൻ ദേഷ്യത്തിലാണ് പ്രതികരിച്ചത്! “മുടി വെട്ടരുത്, നിന്റെ ശക്തി മുഴുവൻ അതിലാണ്” എന്ന് മുൻപ് ഉപദേശിച്ചിരുന്ന സ്ലാറ്റൻ ഹാലൻഡിന്റെ ലുക്ക് കണ്ട് ഞെട്ടി: “നീ എന്താണ് ഈ കാണിച്ചുവെച്ചിരിക്കുന്നത്? വല്ല ബെറ്റും തോറ്റതാണോ? എന്നെ ബ്ലോക്ക് ചെയ്ത് ഫോൺ നമ്പർ ഡിലീറ്റ് ചെയ്യ്!” എന്ന് തമാശയായി സ്ലാറ്റൻ പറഞ്ഞു.
ജാക്ക് ഗ്രീലിഷ്: മാഞ്ചസ്റ്റർ സിറ്റിയിലെ സഹതാരം ഗ്രീലിഷ് ചിരി അടക്കാനാവാതെയാണ് പ്രതികരിച്ചത്. “കണ്ടാൽ 10 വയസ്സുള്ള കുട്ടിയെപ്പോലെയുണ്ട്! തലയുടെ മുൻവശത്തേക്ക് നോക്കുന്നത് നിർത്താൻ എനിക്ക് പറ്റുന്നില്ല” എന്ന് ഗ്രീലിഷ് ട്രോളി.
നോയൽ ഗലാഹർ: പ്രശസ്ത റോക്ക് ബാൻഡ് ‘ഒയാസിസ്’ ഗായകനും മാഞ്ചസ്റ്റർ സിറ്റിയുടെ വലിയ ആരാധകനുമായ നോയൽ ഗലാഹർ, ഹാലൻഡിനെ കണ്ട ഉടൻ “നിന്നെ കണ്ടാൽ 17 വയസ്സുകാരനെപ്പോലെയുണ്ട്, മാറ്റങ്ങൾ നല്ലതാണ്” എന്ന് അഭിപ്രായപ്പെട്ടു.
തന്റെ പുതിയ ലുക്ക് കളിക്കളത്തിൽ വേഗത കൂട്ടാൻ സഹായിക്കുമെന്നും സ്റ്റേഡിയത്തിൽ ആരാധകരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഹാലൻഡ് പറഞ്ഞു.
