തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭയുടെ പുതിയ തിരുവനന്തപുരം മേഖലയുടെ ചുമതലയേൽക്കുന്ന ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെട്രോപ്പൊലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. സെക്രട്ടറിയേറ്റിന് സമീപമുള്ള പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ പങ്കെടുത്തു.
ബൈബിൾ പ്രഭാഷണങ്ങളിൽ അഗ്രഗണ്യനായ മുഖ്യമന്ത്രി വി. ഡി. സതീശൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അദ്ദേഹത്തിന് സംഘാടകർ നൽകിയത് സവിശേഷമായ ഒരു ഉപഹാരമായിരുന്നു—മലയാള ഭാഷയിലെ ആദ്യത്തെ ബൈബിൾ നിഘണ്ടുവായ ‘വേദശബ്ദ രത്നാകരം’. പ്രശസ്ത എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന യശ്ശശ്ശരീരനായ ഡോ. ഡി. ബാബു പോൾ രചിച്ച ഈ ബൃഹത്തായ ഗ്രന്ഥം മുഖ്യമന്ത്രിക്ക് ലഭിച്ച വേദിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു.
’ബാബുപോൾ സാറിന്റെ പള്ളി’
ഈ ചരിത്രപരമായ ചടങ്ങിന് വേദിയായ പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് പള്ളി നിർമ്മിക്കാൻ മുൻകൈയെടുത്തത് ഡോ. ഡി. ബാബു പോൾ ആയിരുന്നു. വാരിക്കാട്ട് കുടുംബവുമായി നേരിട്ട് സംസാരിച്ച് ഈ പള്ളിക്ക് വേണ്ടിയുള്ള സ്ഥലം കണ്ടെത്തിയതും അദ്ദേഹത്തിന്റെ പ്രയത്നത്താലാണ്. ഇന്നും തിരുവനന്തപുരത്തുകാർക്കിടയിൽ ഈ ദേവാലയം ‘ബാബുപോൾ സാറിന്റെ പള്ളി’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് (സുൻത്രോനീസോ) ശേഷം നടന്ന പൊതുസ്വീകരണ സമ്മേളനത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, വിവിധ സഭകളുടെ മേലധ്യക്ഷന്മാർ എന്നിവരും പങ്കെടുത്തു. വൈദിക സെമിനാരി റസിഡന്റ് മെട്രോപ്പൊലീത്തയും യൂറോപ്പ് ഭദ്രാസനാധിപനുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് പുതിയ തിരുവനന്തപുരം മേഖലയുടെ ചുമതലയേറ്റതോടെ സഭയുടെ തെക്കൻ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം കൈവരുമെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.