ന്യൂഡൽഹി: വിവാഹശേഷം ഹണിമൂണിനായി മാലിദ്വീപിലേക്കോ യൂറോപ്പിലേക്കോ പോകാൻ പ്ലാൻ ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ സാധാരണക്കാരുടെ ചിന്തകൾക്കും അപ്പുറം, സ്വന്തം ഹണിമൂൺ അവിസ്മരണീയമാക്കാൻ ഒരു ദമ്പതികൾ ചിലവഴിച്ചത് 1.5 കോടി രൂപയാണ്. കരീബിയൻ ദ്വീപുകൾ മുതൽ മധ്യ അമേരിക്കയിലെ വനനിരകൾ വരെ നീണ്ട ഈ ആഡംബര യാത്രയുടെ വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.
അൾട്രാ ലക്ഷ്വറി ട്രാവൽ പ്ലാനിംഗ് കമ്പനിയായ ‘എ ട്രാവൽ ഡ്യുയറ്റ്’ (A Travel Duet) സ്ഥാപക അനേരി ഷാ, ‘വെഡ്‌മെഗുഡ്’ (WedMeGood) എന്ന പേജിന് നൽകിയ അഭിമുഖത്തിലാണ് ഈ അമ്പരപ്പിക്കുന്ന യാത്രാ വിവരങ്ങൾ പങ്കുവെച്ചത്. തന്റെ കമ്പനി ഇതുവരെ ഡിസൈൻ ചെയ്തതിൽ വെച്ച് ഏറ്റവും ചിലവേറിയ ഹണിമൂൺ പാക്കേജാണിതെന്ന് അവർ വ്യക്തമാക്കുന്നു.
തുടക്കം സെന്റ് ബാർട്സിൽ (St. Barts)
ലോകത്തിലെ ഏറ്റവും പ്രശസ്തരായ ശതകോടീശ്വരന്മാരും സെലിബ്രിറ്റികളും ഒത്തുചൂടുന്ന കരീബിയൻ ദ്വീപായ സെന്റ് ബാർട്സിലായിരുന്നു ദമ്പതികളുടെ യാത്രയുടെ തുടക്കം. ഒരു വർഷം മുൻപ് ബുക്ക് ചെയ്താൽ മാത്രം മുറി ലഭിക്കുന്ന ഇവിടുത്തെ ഐക്കോണിക് റിസോർട്ടായ ‘ഈഡൻ റോക്കിലാണ്’ (Eden Rock) ഇവർ താമസിച്ചത്. മെഗാ യാട്ടുകളും പ്രമുഖ വ്യക്തികളുടെ സാന്നിധ്യവും കൊണ്ട് സമ്പന്നമായ ഇവിടുത്തെ നൈറ്റ്‌ലൈഫ് ദമ്പതികൾ ആഘോഷമാക്കി.
പ്രൈവറ്റ് ജെറ്റിൽ ടർക്സ് ആൻഡ് കൈകോസിലേക്ക് (Turks and Caicos)
ആഘോഷങ്ങൾക്ക് ശേഷം അടുത്ത ഘട്ടത്തിലേക്ക് ദമ്പതികൾ പറന്നത് സാധാരണ വിമാനത്തിലല്ല, മറിച്ച് ഒരു പ്രൈവറ്റ് ജെറ്റിലായിരുന്നു. കരീബിയനിലെ തന്നെ പ്രശാന്തസുന്ദരമായ ടർക്സ് ആൻഡ് കൈകോസ് ദ്വീപിലെത്തിയ ഇവർ ‘അമന്യാര’ (Amanyara) എന്ന പ്രശസ്തമായ ബീച്ച് റിസോർട്ടിൽ താമസിച്ച് കടൽത്തീരത്തെ കുതിരസവാരിയും ഫോട്ടോഷൂട്ടുകളുമായി സമയം ചിലവഴിച്ചു.
കോസ്റ്റാറിക്കയിലെ ‘ക്വയറ്റ് ലക്ഷ്വറി’ (Costa Rica)
ബീച്ചുകളിൽ നിന്ന് നേരെ വിപരീതമായ അന്തരീക്ഷം ആഗ്രഹിച്ച ദമ്പതികൾ പിന്നീട് കോസ്റ്റാറിക്കയിലെ നിബിഡ വനങ്ങളിലേക്കും മലനിരകളിലേക്കുമാണ് യാത്ര തിരിച്ചത്. സോഷ്യൽ മീഡിയയുടെ കണ്ണുകളിൽ പെടാതെ തികച്ചും സ്വകാര്യത ഉറപ്പുനൽകുന്ന ‘ഹാസിയേണ്ട അൽറ്റാഗ്രേഷ്യ’ (Hacienda AltaGracia) എന്ന ആഡംബര റിസോർട്ടിലായിരുന്നു താമസം. ‘ക്വയറ്റ് ലക്ഷ്വറി’ (Quiet Luxury) വിഭാഗത്തിൽപ്പെടുന്ന ലോകത്തിലെ തന്നെ മികച്ച റിസോർട്ടുകളിൽ ഒന്നാണിത്.
മിയാമിയിൽ ഗംഭീര സമാപനം
ആഴ്ചകൾ നീണ്ട ഈ വമ്പൻ ആഡംബര യാത്രയ്ക്ക് ദമ്പതികൾ വിരാമമിട്ടത് അമേരിക്കയിലെ ഫ്ലോറിഡയിലുള്ള മിയാമി നഗരത്തിലാണ്. ഇവിടുത്തെ പ്രശസ്തമായ റെസ്റ്റോറന്റുകളും നഗരജീവിതവും ആസ്വദിച്ച ശേഷം ഇവർ മടങ്ങുകയായിരുന്നു.
ഇൻസ്റ്റാഗ്രാം റീലുകളിൽ മാത്രം കണ്ടിട്ടുള്ള ഈ സ്വപ്നതുല്യമായ യാത്ര, ഇരുവരുടെയും വിവാഹ ജീവിതത്തിലെ മനോഹരമായ ആദ്യ അധ്യായമായി മാറിയിരിക്കുകയാണ്.