തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ നിർദ്ദേശിച്ച് തിരുവനന്തപുരം ജില്ല. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികവ് പരിഗണിച്ച് വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് എം.എൽ.എമാർ രംഗത്തെത്തി. ജില്ലയിലെ ആറ് കോൺഗ്രസ് എം.എൽ.എമാരിൽ അഞ്ച് പേരും സതീശനെ പിന്തുണച്ചു.
സതീശന് വൻ പിന്തുണ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എമാരായ കെ. മുരളീധരൻ, എൻ. ശക്തൻ, എം. വിൻസെന്റ്, എം.ആർ. ബൈജു, രമ്യ ഹരിദാസ് എന്നിവരാണ് സതീശന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി നിർദ്ദേശിച്ചത്. സതീശന്റെ നേതൃപാടവം നിയമസഭയിലും പുറത്തും പാർട്ടിക്ക് കരുത്തുപകർന്നുവെന്നാണ് ഇവരുടെ നിലപാട്. കോൺഗ്രസ് എം.എൽ.എമാർക്ക് പുറമെ യു.ഡി.എഫ് ഘടകകക്ഷിയായ സി.എം.പി (CMP) നേതാവ് സി.പി. ജോണും സതീശനെ പിന്തുണച്ചു.
വേണുഗോപാലിനായി സുധീർ ഷാ പാലോട്
അതേസമയം, തിരുവനന്തപുരം ജില്ലയിൽ നിന്നുതന്നെ തിരഞ്ഞെടുക്കപ്പെട്ട സുധീർ ഷാ പാലോട് (വാമനപുരം എം.എൽ.എ) വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്നാണ് സുധീർ ഷായുടെ ആവശ്യം. ഷാഫി പറമ്പിലിന്റെ നോമിനിയായാണ് സുധീർ ഷാ.
ജനവികാരം മാനിച്ചാണ് തിരുവനന്തപുരം ജില്ലയിലെ എം എൽ എമാർ സതീശനെ പിന്താങ്ങിയത് എങ്കിൽ ഷാഫി പറമ്പിൽ പറഞ്ഞതുകൊണ്ടാണ് സുധീർ ഷാ പാലോട് കെ.സി യെ പിന്തുണച്ചത്. ജനവികാരം മാനിക്കാതെ ഡൽഹിയിൽ നിന്ന് കെ.സി യെ കെട്ടി ഇറക്കാനുള്ള നീക്കത്തിന് പിന്താങ്ങിയ സുധീർ ഷാ പാലോടിനെതിരെ വാമനപുരം മണ്ഡലത്തിൽ ശക്തമായ അമർഷമാണ് ഉയരുന്നത്.