കൊല്ലം: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി. ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണാണ് സ്പീക്കർക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ പരസ്യമായി റോഡ് ഷോയിൽ പങ്കെടുത്തത് ഭരണഘടനാ പദവിയുടെ ദുരുപയോഗമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ, സ്പീക്കറെന്ന നിലയിലുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മറന്ന് രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടുന്നത് ഗൗരവകരമായ ചട്ടലംഘനമാണെന്ന് ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ ചേരിയുടെ ഭാഗമായി പ്രചാരണ രംഗത്ത് സജീവമാകുന്നത് സ്പീക്കർ പദവിയുടെ നിഷ്പക്ഷതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീക്കർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വരും ദിവസങ്ങളിൽ അദ്ദേഹത്തെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് ചൂടിലായ ചവറ മണ്ഡലത്തിൽ സ്പീക്കറുടെ സാന്നിധ്യം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.
![]()
