തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ രാഷ്ട്രീയ പോരാട്ടം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ സംവാദ വെല്ലുവിളി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. “മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്, അദ്ദേഹം നിശ്ചയിക്കുന്ന സമയത്ത് സംവാദത്തിന് ഞാൻ തയ്യാറാണ്” എന്ന സതീശന്റെ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
വികസന കാര്യങ്ങളിൽ സംവാദത്തിന് തയ്യാറാണോ എന്ന് മുഖ്യമന്ത്രി സതീശനോട് ചോദിച്ചു. എൽഡി.എഫ് സർക്കാരിന്റെ 10 വർഷത്തെ റിപ്പോർട്ട് കാർഡ് മുൻനിർത്തി ചർച്ചയാകാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിന് മറുപടിയായാണ് ഫെയ്സ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടെയും സതീശൻ തന്റെ സന്നദ്ധത അറിയിച്ചത്.
സതീശൻ വെല്ലുവിളി ഏറ്റെടുത്ത് മണിക്കൂറുകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. സംവാദത്തിന് മുഖ്യമന്ത്രി തയ്യാറാകുമോ അതോ ‘കടക്ക് പുറത്ത്’ ശൈലിയിൽ ഇതിനെ തള്ളിക്കളയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി പിന്മാറിയാൽ അത് പ്രതിപക്ഷത്തിന് വലിയൊരു രാഷ്ട്രീയ വിജയമായി മാറും. “മുഖ്യമന്ത്രിക്ക് സംവാദത്തിന് പേടിയാണോ?” എന്ന ചോദ്യം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ യു.ഡി.എഫ് കേന്ദ്രങ്ങൾ ഉയർത്തിക്കഴിഞ്ഞു.
![]()
