തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയായിരിക്കെ, കിഫ്ബി (KIIFB) വഴി കോടികളുടെ പുതിയ അഴിമതിക്ക് കളമൊരുങ്ങുന്നു. നിലവിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന കിഫ്ബി ഓഫീസ് സ്വന്തമായി വാങ്ങാൻ, നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് ധനവകുപ്പ് തിടുക്കപ്പെട്ട് അനുമതി നൽകി. സർക്കാരിന്റെ അവസാന നിമിഷത്തെ ഈ “വെപ്രാളം” കോടികളുടെ കമ്മീഷൻ ഇടപാടിലേക്കാണ് വിരൽ ചൂണ്ടുന്നത്.

തിരക്കഥ തയ്യാറാക്കിയത് അവസാന മന്ത്രിസഭായോഗത്തിൽ!
മാർച്ച് 16-ന് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. 14-ന് ചേർന്ന പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗമാണ് ഈ വിവാദ തീരുമാനത്തിന് പിന്നിൽ. ഇനം നമ്പർ 4016 ആയി കിഫ്ബിയുടെ ആവശ്യം പരിഗണിക്കുകയും തൊട്ടടുത്ത ദിവസം (മാർച്ച് 15) ധനവകുപ്പ് ഇതിൽ ഉത്തരവിറക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ണ് തുറക്കുന്നതിന് മുൻപ് തന്നെ ഫയലുകൾ തീർപ്പാക്കി “കച്ചവടം” ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഉത്തരവിലുണ്ട് ‘അജ്ഞാത’ തുകയുടെ രഹസ്യം
ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് തത്വത്തിലുള്ള അംഗീകാരം നൽകിയ സർക്കാർ, എത്ര രൂപയ്ക്കാണ് ഈ ഇടപാട് നടത്താൻ കിഫ് ബി പ്രൊപ്പോസൽ നൽകിയിരിക്കുന്നത് എന്ന കാര്യം പോലും ഉത്തരവിൽ നിന്ന് മറച്ചു വച്ചു.
പെൻഷനും ശമ്പളവും നൽകാൻ പണമില്ലാതെ സർക്കാർ ബുദ്ധിമുട്ടുമ്പോഴാണ് കിഫ്ബിക്ക് വേണ്ടി കോടികൾ മുടക്കി ആസ്ഥാനമന്ദിരം വാങ്ങുന്നത്. പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഈ ഭൂമിയിടപാട് വൻ അഴിമതിയുടെ കേന്ദ്രമാകുകയാണ്.
![]()
