തിരുവനന്തപുരം: സി.പി.എമ്മിലെ കരുത്തുറ്റ യുവനേതാവും നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീറിന് ഇത്തവണ സീറ്റില്ല. പാർട്ടിയുടെ ഉരുക്കുകോട്ടയായ തലശേരിയിൽ ഷംസീറിനെ മാറ്റി പകരം കാരായി രാജനെ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചു. സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു കൊണ്ട് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഷംസീറിനെ രാഷ്ട്രീയമായി വെട്ടിനിരത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും മരുമകൻ മുഹമ്മദ് റിയാസും ചേർന്ന് നടത്തിയ കൃത്യമായ കരുനീക്കങ്ങളാണെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിക്കഴിഞ്ഞു.
റിയാസിനായി വഴിമാറാൻ ഷംസീർ; വിഴുങ്ങേണ്ടി വന്ന കയ്പ്പേറിയ ഗുളിക
2021-ൽ രണ്ടാം തവണയും എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഷംസീർ മന്ത്രിസഭയിൽ എത്തുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാൽ പാർട്ടിയെയും അണികളെയും ഞെട്ടിച്ചുകൊണ്ട് ആദ്യമായി നിയമസഭയിലെത്തിയ മരുമകൻ മുഹമ്മദ് റിയാസിനെ പിണറായി വിജയൻ മന്ത്രിയാക്കി. ഇതിൽ ഷംസീർ പരസ്യമായും രഹസ്യമായും തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. പിന്നീട് എം.ബി. രാജേഷ് മന്ത്രിയായ ഒഴിവിലേക്ക് സ്പീക്കറായി ഷംസീറിനെ നിയോഗിച്ചതും റിയാസിന്റെ വളർച്ചയ്ക്ക് തടസ്സമാകാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു.
പിണറായിയുടെ ‘മാസ്റ്റർ പ്ലാൻ’
ഭാവിയിൽ മുഹമ്മദ് റിയാസിന് പാർട്ടിയിലും ഭരണത്തിലും വെല്ലുവിളിയാകാൻ സാധ്യതയുള്ള നേതാവാണ് ഷംസീറെന്ന് പിണറായി വിജയൻ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. റിയാസിന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ ഷംസീറിനെ സജീവ രാഷ്ട്രീയ മത്സരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതായിരുന്നു പിണറായിയുടെ ലക്ഷ്യം. ഒടുവിൽ തലശേരി സീറ്റ് കൂടി നിഷേധിച്ചതോടെ ഷംസീറിനെ സി.പി.എം നേതൃത്വം പൂർണ്ണമായും തഴഞ്ഞിരിക്കുകയാണ്.
![]()
