തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്.എഫ്.ഐ ക്രിമിനലുകളുടെ ക്രൂരമായ റാഗിംഗിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ കുടുംബത്തോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘പുതുയുഗ യാത്ര’ തിരുവനന്തപുരത്തെ നെടുമങ്ങാട് എത്തിയപ്പോൾ സിദ്ധാർത്ഥിന്റെ അമ്മ വേദിയിലെത്തി സതീശനെ കണ്ട വൈകാരിക നിമിഷങ്ങൾ പങ്കുവെച്ചാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
ഹൃദയം നുറുങ്ങുന്ന കാഴ്ച; നീതിക്കായി ഇനിയും കാത്തിരിപ്പ്
”മകന്റെ നീതിക്കായ് അമ്മ” എന്നെഴുതിയ സിദ്ധാർത്ഥിന്റെ ചിത്രവുമായി വേദിയിലെത്തിയ അമ്മയുടെ അവസ്ഥ തന്നെ തളർത്തിയെന്ന് സതീശൻ കുറിച്ചു. നീതിക്കായി ആ കുടുംബം അലയുമ്പോഴും കൊലയാളികളെ സംരക്ഷിക്കാനാണ് സർക്കാർ സംവിധാനങ്ങൾ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
”ഹൃദയം നുറുങ്ങിപ്പോയ നിമിഷമായിരുന്നു അത്. സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. ക്രിമിനലുകൾ ശിക്ഷിക്കപ്പെടും. ഇത് യു.ഡി.എഫിന്റെ ഉറപ്പാണ്.” – വി.ഡി. സതീശൻ
പി.ആർ വർക്ക് കൊണ്ട് കണ്ണീർ മറയ്ക്കാനാവില്ല
പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരിൽ ചവിട്ടിയാണ് ഈ ഭരണകൂടം നിലനിൽക്കുന്നതെന്ന് സതീശൻ പരിഹസിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ പി.ആർ വർക്കിലൂടെ തടയാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനം ഈ സർക്കാരിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![]()
