തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനം വെറും പാഴ് വാക്ക്. സ്പീക്കർക്ക് നൽകിയ പരാതിയെത്തുടർന്ന് രണ്ട് മാസത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത ഭൂരിഭാഗം കേസുകളും ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ മറുപടിയിലെ പ്രധാന വിവരങ്ങൾ:
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 2634 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ആകെ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത് 29,119 പേരാണ്.
- പിൻവലിച്ചവ: കോടതിയിൽ അപേക്ഷ നൽകിയതും തുടർനടപടി ഒഴിവാക്കിയതുമായ കേസുകൾ – 1047.
- കോടതിയുടെ പരിഗണനയിലുള്ളവ: 692 കേസുകൾ.
- അനിശ്ചിതത്വത്തിൽ: ആകെ രജിസ്റ്റർ ചെയ്ത കേസുകളിൽ 1587 എണ്ണം ഇനിയും പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
അനിൽകുമാറിന്റെ നീക്കം; ഒടുവിൽ മുഖ്യമന്ത്രി കുരുക്കിൽ
കഴിഞ്ഞ സെപ്റ്റംബർ 16-ന് പതിനാലാം നിയമസഭാ സമ്മേളനത്തിലാണ് എ.പി. അനിൽകുമാർ എം.എൽ.എ ശബരിമല കേസുകളെക്കുറിച്ച് ചോദ്യമുന്നയിച്ചത്. എന്നാൽ മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയായിരുന്നു. ഇതിനെതിരെ ഡിസംബർ 6-ന് അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകി. ഈ രണ്ടു ദിവസം മുൻപ് മുഖ്യമന്ത്രി നൽകിയ മറുപടി നിയമസഭ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
വാഗ്ദാന ലംഘനം?
2021 ഫെബ്രുവരിയിൽ ശബരിമല, പൗരത്വ നിയമ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കിയിരുന്നു. എന്നാൽ അഞ്ച് വർഷം പിന്നിടുമ്പോഴും പകുതിയിലധികം കേസുകൾ ഇപ്പോഴും നിയമക്കുരുക്കിൽ തന്നെയാണെന്ന് മുഖ്യമന്ത്രിയുടെ പുതിയ മറുപടി തെളിയിക്കുന്നു. ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കുമെന്നായിരുന്നു അന്ന് സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ ആയിരക്കണക്കിന് സാധാരണക്കാർ ഇന്നും കോടതികൾ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയിലാണ്.

![]()
