തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ സമയം വർദ്ധിപ്പിച്ചത് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയ മദ്യശാലകൾ എൽ.ഡി.എഫ് ഭരണത്തിൽ റെക്കോർഡ് വേഗത്തിൽ തുറക്കപ്പെട്ടെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2016-ൽ ഉമ്മൻചാണ്ടി സർക്കാർ കാലാവധി ഒഴിയുമ്പോൾ സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത് 29 ബാറുകൾ മാത്രമായിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ ഈ കാലയളവിൽ ബാറുകളുടെ എണ്ണം 884 ആയി ഉയർന്നു.
കണക്കുകളിലെ ഈ ‘മാജിക്’ എങ്ങനെ?
കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളത്തിൽ പുതുതായി ആരംഭിച്ചത് 855 ബാറുകളാണ്. മദ്യവർജ്ജനം ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഇടത് സർക്കാർ, പ്രായോഗികമായി മദ്യലഭ്യത വർധിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന വിമർശനം ഇതോടെ ശക്തമായി.
- 2016-ലെ അവസ്ഥ: അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തെത്തുടർന്ന് ഭൂരിഭാഗം ബാറുകളും പൂട്ടുകയും ഫൈവ് സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്ക് മാത്രം ലൈസൻസ് പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
- നിലവിലെ അവസ്ഥ: എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മദ്യനയത്തിൽ മാറ്റം വരുത്തുകയും അടച്ചുപൂട്ടിയ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകുകയും ചെയ്തു. ഇതിനുപുറമെ നൂറുകണക്കിന് പുതിയ ലൈസൻസുകളും അനുവദിച്ചു.
‘ഞങ്ങൾ തുടങ്ങിയത് ബാറുകൾ’; ചരിത്രം രേഖപ്പെടുത്തുമെന്ന് വിമർശനം
”ഞങ്ങൾ തുടങ്ങിയത് ബാറുകൾ” എന്ന പേരായിരിക്കും കേരള ചരിത്രത്തിൽ പിണറായി വിജയന്റേതായി രേഖപ്പെടുത്തുക എന്ന് രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷവും പരിഹസിക്കുന്നു. വികസന പദ്ധതികളെക്കാൾ വേഗത്തിൽ മദ്യശാലകൾക്ക് അനുമതി നൽകുന്നതിലൂടെ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ഉയരുന്ന പ്രധാന ആശങ്ക.
![]()
