തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ (ക്ഷാമബത്ത) കുടിശ്ശികയ്ക്ക് മുൻകാല പ്രാബല്യം അനുവദിക്കാത്തതിലും, ബാക്കി നിൽക്കുന്ന ഗഡുക്കളിൽ വ്യക്തത വരുത്താത്തതിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. കൺവീനർ എം.എസ്. ഇർഷാദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങളും അട്ടിമറിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സമരത്തിൽ ഉയർന്നത്.
പ്രധാന ആരോപണങ്ങൾ:
18 മാസത്തെ ശമ്പളം നഷ്ടമായി: ഇടതുപക്ഷ ഭരണകാലയളവിൽ ഒരു വർഷത്തിന് രണ്ട് മാസത്തെ ശമ്പളം എന്ന കണക്കിൽ ഒമ്പത് വർഷം കൊണ്ട് 18 മാസത്തെ ശമ്പളം സർക്കാർ ‘കൊള്ളയടിച്ചു’ എന്ന് എം.എസ്. ഇർഷാദ് ആരോപിച്ചു.
ലക്ഷങ്ങളുടെ നഷ്ടം: അനുവദിച്ച ഡി.എ ഗഡുക്കളിൽ നിന്നുമാത്രം ഒരു ജീവനക്കാരന് 1.5 ലക്ഷം രൂപ മുതൽ 10.75 ലക്ഷം രൂപ വരെ ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്.
മുൻകാല പ്രാബല്യം ജലരേഖ: ഡി.എ കുടിശ്ശികയ്ക്ക് മുൻകാല പ്രാബല്യം നൽകുമെന്ന വാഗ്ദാനം വെറും ജലരേഖയായി മാറിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് തന്ത്രം: മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കേണ്ട നാല് ഡി.എ ഗഡുക്കൾ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ തടഞ്ഞുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കൗൺസിൽ ആരോപിച്ചു.
“ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ അധ്വാനത്തിന്റെ ഫലം തട്ടിയെടുക്കുന്നത് അനുവദിക്കാനാവില്ല.” – എം.എസ്. ഇർഷാദ്
![]()
