തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ നിൽക്കെ, ഭരണവിരുദ്ധ വികാരം മറികടക്കാൻ വ്യാജ വാർത്താ നിർമ്മാണവുമായി എൽ.ഡി.എഫ് അനുകൂല സംഘം സജീവം. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം മുന്നിൽ കാണുന്ന ഇടതുമുന്നണിയെ വെള്ളപൂശാൻ ഗുജറാത്തിലെ ഒരു ഏജൻസിയുടെ പേരിൽ ചമച്ച വ്യാജ സർവെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തിരക്കഥ തയ്യാറാക്കുന്നത് മന്ത്രിമന്ദിരങ്ങളിൽ
ഇംഗ്ലീഷ് മാധ്യമത്തിൽ വ്യാജ വാർത്തകൾ പടച്ചുവിടുന്നതിൽ വിരുതനായ ഒരു ലേഖകനാണ് ഈ ‘സർവെ’ക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ ഈ കള്ളക്കഥകൾക്ക് പിന്നിൽ കൃത്യമായ ഒരു നെറ്റ്വർക്ക് തന്നെയുണ്ട്. സംസ്ഥാനത്തെ ഒരു പ്രമുഖ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫാണ് ഈ വ്യാജ കഥകളുടെ യഥാർത്ഥ ശില്പി. ഇംഗ്ലീഷ് പത്രത്തിന്റെ റസിഡന്റ് എഡിറ്ററായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിൻ്റ സ്വാധീനം ഉപയോഗിച്ചാണ് സർക്കാരിലെ പാളിച്ചകൾ മറച്ചുവെച്ച് ‘എൽഡിഎഫ് തരംഗം’ എന്ന മട്ടിൽ വ്യാജനെ കൊണ്ട് റിപ്പോർട്ടുകൾ പടച്ചുവിടുന്നത്.
പഴയ തന്ത്രം, പുതിയ കുപ്പിയിൽ
മുൻപ് നടന്ന ലോക്സഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്തും സമാനമായ രീതിയിൽ ഇതേ സംഘം വ്യാജ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. പിണറായി വിജയനെ പ്രീണിപ്പിക്കാനായി ഉറക്കമൊഴിച്ച് തയ്യാറാക്കിയ ആ റിപ്പോർട്ടുകളെല്ലാം ജനവിധി വന്നപ്പോൾ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ശബരിമല വിഷയത്തിലെ ജനരോഷവും സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളും സർക്കാരിന്റെ പ്രതിച്ഛായ തകർത്തിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ അടവുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്.
ഭരണവിരുദ്ധ വികാരം മറികടക്കാൻ ‘വ്യാജൻ’
തങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പോലും വിജയിക്കാൻ സാധ്യതയില്ലെന്ന് ബോധ്യമുള്ള മന്ത്രിമാരെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇത്തരം വാർത്തകൾക്കുള്ളത്. പിണറായി വിജയനെ സുഖിപ്പിക്കാൻ ‘വ്യാജന്റെ’ ആവനാഴിയിൽ ഇനിയും അമ്പുകൾ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
![]()
