തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തും നിരാശയിലെന്ന് റിപ്പോർട്ടുകൾ. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ള വിവാദവും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ, പഴയ വീര്യം നഷ്ടപ്പെട്ട നിലയിലാണ് മുഖ്യമന്ത്രിയെ കാണപ്പെടുന്നതെന്ന് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു.
ഇന്ന് നടന്ന സെക്രട്ടറിതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മാറിയ ശരീരഭാഷ ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്. “പെരുമാറ്റച്ചട്ടം ഒന്നര മാസത്തിനുള്ളിൽ വരും. കുറഞ്ഞ സമയം മാത്രമേ മുന്നിലുള്ളൂ. പ്രഖ്യാപിച്ച പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കണം. എല്ലാവരും സഹകരിക്കണം. ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും. പെരുമാറ്റച്ചട്ടം വന്നാൽ സർക്കാർ ഇടപെടലിന് പരിമിതികളുണ്ട്,” എന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ ദുർബലമായ ശരീരഭാഷയിലായിരുന്നു മുഖ്യമന്ത്രി.
എപ്പോഴും ഗാംഭീര്യത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിച്ചു ശീലിച്ച മുഖ്യമന്ത്രിയുടെ ഈ മാറ്റം ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയായി. യോഗത്തിന് ശേഷം പുറത്തിറങ്ങിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ “മുഖ്യമന്ത്രിയുടെ ഓജസും തേജസും നഷ്ടപ്പെട്ടിരിക്കുന്നു” എന്നാണ് സഹപ്രവർത്തകനോട് പ്രതികരിച്ചത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ തരംഗം ആവർത്തിക്കുമെന്ന ഭയത്തിലാണ് ഇടത് ക്യാമ്പ്. പ്രതിപക്ഷം ആവേശത്തോടെ രംഗത്തിറങ്ങുമ്പോൾ, പുറമെ കാണിക്കുന്നില്ലെങ്കിലും ഒരു വിടവാങ്ങലിന്റെ മാനസികാവസ്ഥയിലാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം സൂചിപ്പിക്കുന്നു.
![]()
