കട്ടപ്പന: കർഷകർക്ക് അർഹമായ ഉപാധിരഹിത പട്ടയം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇൻഫാം (INFAM) രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകനെ വിസ്മരിച്ചുകൊണ്ട് ഒരു സമൂഹത്തിനും മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബൈബിൾ വചനങ്ങൾ ഉദ്ധരിച്ച് സതീശൻ
കൃഷിയെയും കർഷകരെയും കുറിച്ച് ബൈബിളിൽ ക്രിസ്തു പറഞ്ഞിട്ടുള്ള കാര്യങ്ങൾ സതീശൻ തൻ്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. “ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എൻ്റെ പിതാവ് തോട്ടക്കാരനും ആകുന്നു” എന്ന ക്രിസ്തുവിൻ്റെ ഏഴാമത്തെ പ്രഖ്യാപനം അദ്ദേഹം അനുസ്മരിച്ചു. ആടിനെ മേയ്ക്കലും കൃഷിയുമാണ് ക്രിസ്തുവിൻ്റെ സംവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്ന രണ്ട് പ്രധാന ഉപമകൾ. ദൈവസ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണെന്ന ബോധ്യം നമുക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഫാമിന് പിന്തുണ
കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ഇൻഫാമിൻ്റെ പോരാട്ടങ്ങൾക്കും ശ്രമങ്ങൾക്കും ഒപ്പം എന്നും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കർഷകർ സന്തോഷവാനായിരിക്കുന്ന ഒരു സമൂഹത്തിൽ മാത്രമേ ബാക്കിയുള്ളവർക്കും സന്തോഷമായിരിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
വിഷയങ്ങൾ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്ന സതീശൻ്റെ പ്രസംഗം വേദിയിൽ വലിയ കൈയടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. ഉറച്ച നിലപാടുകളുടെ രാജകുമാരനെന്നും വേദോപനിഷത്തുകളുടെ അകക്കാമ്പ് അറിഞ്ഞ് സംവദിക്കുന്ന ജനകീയ നായകനെന്നും വിശേഷിപ്പിച്ചു കൊണ്ടാണ് സംഘാടകർ അദ്ദേഹത്തെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.
![]()
