കൊച്ചി: മാതൃവിയോഗത്തിന്റെ നോവിൽ ആരാധകരോടും സുഹൃത്തുക്കളോടും നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. തന്റെ ജീവിതയാത്രയിൽ കരുത്തായി നിന്ന അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
”എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി” – മോഹൻലാൽ കുറിച്ചു. അമ്മയുടെ വിയോഗത്തെ തുടർന്ന് നേരിട്ടും ഫോൺ മുഖാന്തരവും സോഷ്യൽ മീഡിയയിലൂടെയും ആശ്വാസവാക്കുകളുമായെത്തിയ സഹപ്രവർത്തകർക്കും ആരാധകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ വീട്ടിലെത്തി മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. അമ്മയുടെ വേർപാടിൽ വിതുമ്പുന്ന ലാലേട്ടന് സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രാർത്ഥനകളും ആശ്വാസ സന്ദേശങ്ങളും പ്രവഹിക്കുകയാണ്.