കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന കെ.എം. മാണിയുടെ ഓർമ്മകൾക്കായി പ്രഖ്യാപിക്കപ്പെട്ട സ്മാരക മന്ദിരം കടലാസിൽ ഒതുങ്ങി. 2020-21 ബജറ്റിൽ ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ച 5 കോടി രൂപ എവിടെപ്പോയി എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. എൽ.ഡി.എഫിന്റെ മധ്യമേഖല ജാഥ നയിക്കാൻ ജോസ് കെ. മാണി ഒരുങ്ങുമ്പോൾ, സ്വന്തം പിതാവിന്റെ സ്മാരകത്തോടുള്ള ഈ അവഗണന ചർച്ചയാവുകയാണ്.
ബജറ്റ് പ്രഖ്യാപനവും രാഷ്ട്രീയ മാറ്റങ്ങളും
2019 ഏപ്രിൽ 9-നാണ് കെ.എം. മാണി അന്തരിച്ചത്. തൊട്ടടുത്ത വർഷം, അതായത് 2020 ഫെബ്രുവരി 7-ന് തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിൽ കെ.എം. മാണി ഫൗണ്ടേഷന് സ്മാരകമന്ദിരം നിർമ്മിക്കാൻ വേണ്ടി 5 കോടി രൂപ വകയിരുത്തിയിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിന്റെ ഭാഗമായത്.
രണ്ടാം പിണറായി സർക്കാരിൽ കേരള കോൺഗ്രസ് (എം) വലിയ സ്വാധീനം നേടിയെടുത്തു. റോഷി അഗസ്റ്റിൻ മന്ത്രിയായും, നിർമ്മൽ ജയരാജ് ചീഫ് വിപ്പായും ചുമതലയേറ്റു. ജോസ് കെ. മാണി രാജ്യസഭാ എം.പിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ ഇത്രയേറെ രാഷ്ട്രീയ സ്വാധീനമുണ്ടായിട്ടും മാണി സാറിന്റെ സ്മാരകത്തിന് വേണ്ടി ഒരു കല്ലിടാൻ പോലും ജോസ് കെ. മാണിക്ക് കഴിഞ്ഞിട്ടില്ല.
അപ്പനോടില്ലാത്ത ആത്മാർത്ഥത ആരോട്?
ജനുവരി 29-ന് കെ.എൻ. ബാലഗോപാൽ പിണറായി സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ലോക സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മുന്നണിയെ രക്ഷിക്കാൻ ജാഥ നയിക്കാൻ ജോസ് കെ. മാണി തയ്യാറെടുക്കുകയാണ്.
”സ്വന്തം പിതാവിനോട് പോലും ആത്മാർത്ഥത കാണിക്കാത്ത ജോസിനെ ആര് വിശ്വസിക്കും?” എന്ന വിമർശനമാണ് സ്മാരക നിർമ്മാണം നടക്കാത്തതോടെ ഉയരുന്നത്. പിണറായി സ്തുതി പാടി കാലം കഴിക്കുന്ന ജോസ് കെ. മാണി, കെ.എം. മാണിയുടെ സ്മാരകം എന്ന ലക്ഷ്യം വിസ്മരിച്ചോ എന്ന ചോദ്യം അണികൾക്കിടയിലും പുകയുകയാണ്.