തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലെ വിവിധ ഓഫീസുകളിൽ ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർ സ്വന്തം നിലയിൽ നടത്തുന്ന വൈദ്യുത അലങ്കാരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഐ.എസ്.ഐ (ISI) മുദ്രയില്ലാത്ത ഗുണനിലവാരമില്ലാത്ത എൽ.ഇ.ഡി സീരിയൽ ലൈറ്റുകളും വയറുകളും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.
സെക്രട്ടേറിയറ്റ് പോലെ സുരക്ഷാ പ്രാധാന്യമുള്ള കെട്ടിടങ്ങളിൽ ഇത്തരം നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലൈസൻസില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച് വയറിംഗ് ജോലികൾ നടത്തുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
പുതിയ നിയന്ത്രണങ്ങൾ ഇവയാണ്:
- ഐ.എസ്.ഐ / ബി.ഐ.എസ് മുദ്രയില്ലാത്ത ലൈറ്റുകളോ വയറുകളോ ഉപയോഗിക്കാൻ പാടില്ല.
- പരിചയ സമ്പന്നരോ ലൈസൻസുള്ളവരോ അല്ലാത്തവരെക്കൊണ്ട് വൈദ്യുത ജോലികൾ ചെയ്യിപ്പിക്കരുത്.
- അലങ്കാരങ്ങൾ അനിവാര്യമാണെങ്കിൽ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ കർശന നിർദ്ദേശങ്ങൾ പാലിക്കണം.
- മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.
കെ. ബിജു ഐ.എ.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതുവർഷാഘോഷങ്ങൾ ഉൾപ്പെടെയുള്ളവ നടക്കാനിരിക്കെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കം.
![]()
