തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT). ദേവസ്വം ബോർഡ് മുൻ അംഗവുമായ എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തു. ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വിവാദ ചിത്രം പുറത്ത്
അറസ്റ്റിലാകുന്നതിന് മുൻപ് വിജയകുമാർ തന്റെ ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബർ 20-ന് നടന്ന അയ്യപ്പ സംഗമത്തിൽ പത്മകുമാറിനും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പം വിജയകുമാർ ഇരിക്കുന്ന ചിത്രമാണിത്. സ്വർണ്ണക്കൊള്ള വാർത്തകൾ പുറത്തുവന്നതോടെ വിജയകുമാർ ഈ ചിത്രം പ്രൊഫൈലിൽ നിന്നും മാറ്റിയിരുന്നുവെങ്കിലും ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സൈബർ ഇടങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.
കടകംപള്ളിയുടെ കാലത്തെ നിയമനങ്ങൾ
കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് പത്മകുമാറും വിജയകുമാറും ബോർഡ് ഭാരവാഹികളായി നിയമിതരായത് എന്നത് കേസിന്റെ രാഷ്ട്രീയ മാനങ്ങളെയും ചർച്ചകളിലേക്ക് വലിച്ചിഴക്കുന്നുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊള്ളയിൽ പങ്കാളികളായ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.
![]()
