തിരുവനന്തപുരം: രാഷ്ട്രീയ മാറ്റങ്ങൾക്കും വാഗ്ദാനങ്ങൾക്കും പിന്നാലെ ബിജെപിയിലെത്തിയ പ്രമുഖ നേതാക്കൾ ഇപ്പോൾ പാർട്ടിക്കുള്ളിൽ നേരിടുന്നത് കടുത്ത അവഗണന. ഗവർണർ പദവി മോഹിച്ച് കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലും, മേയർ സ്ഥാനം പ്രതീക്ഷിച്ചെത്തിയ മുൻ ഡിജിപി ആർ. ശ്രീലേഖയും ഒരുപോലെ തഴയപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
പത്മജയെ തഴഞ്ഞോ?
2024 മാർച്ചിൽ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഗവർണർ പദവി വാഗ്ദാനം ചെയ്താണ് പത്മജയെ പാർട്ടിയിൽ എത്തിച്ചത്. സുരേഷ് ഗോപിയുടെ ഇടപെടലാണ് പത്മജയുടെ ബിജെപി പ്രവേശനത്തിന് വഴിയൊരുക്കിയത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൽ പത്മജയുടെ സാന്നിധ്യം നിർണ്ണായകമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം സുരേഷ് ഗോപി കേന്ദ്രമന്ത്രിയായെങ്കിലും, പത്മജയ്ക്ക് അർഹമായ പരിഗണനയോ വാഗ്ദാനം ചെയ്ത പദവികളോ നൽകാൻ ബിജെപി തയ്യാറായിട്ടില്ല.
ആർ. ശ്രീലേഖയ്ക്കും സമാന വിധി
തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ കണ്ണുവെച്ച് ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ കാര്യത്തിലും സമാനമായ അവസ്ഥയാണ് കാണുന്നത്. ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ച ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ബിജെപി വോട്ട് തേടിയത്. എന്നാൽ വിജയം കൈവരിച്ചതിന് പിന്നാലെ ശ്രീലേഖയെ മാറ്റിനിർത്തിക്കൊണ്ട് വി.വി. രാജേഷിനെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ബിജെപി ശൈലി പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
നേതാക്കളെ വാഗ്ദാനങ്ങൾ നൽകി പാർട്ടിയിൽ എത്തിക്കുകയും പിന്നീട് അവരെ അവഗണിക്കുന്നതും ബിജെപിയുടെ സ്ഥിരം ശൈലിയാണെന്ന ആക്ഷേപം ഇതോടെ ശക്തമാകുകയാണ്.
![]()
