തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ മെഡിസെപ് (MEDISEP) വിഹിതം 810 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കിട്ടാത്ത ചികിത്സയ്ക്കായി അധിക തുക ഈടാക്കുന്നത് ജീവനക്കാർക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി.
നിലവിലെ 500 രൂപയിൽ നിന്ന് 310 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഇതോടെ മാസത്തിൽ 810 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ തുകയിൽ നിന്നും മെഡിസെപ്പിനായി ഈടാക്കും.
പങ്കാളിത്ത പെൻഷൻകാർക്ക് തിരിച്ചടി
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം 433 രൂപ മാത്രം മാസ പെൻഷൻ ലഭിക്കുന്നവർ പോലും, അതിനേക്കാൾ വലിയ തുക മെഡിസെപ് വിഹിതമായി നൽകേണ്ടി വരുന്നത് വലിയ അനീതിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. മുൻപ് പെൻഷൻകാർക്ക് ലഭിച്ചിരുന്ന 500 രൂപ മെഡിക്കൽ അലവൻസ് നിർത്തലാക്കിയാണ് മെഡിസെപ് നടപ്പിലാക്കിയത്. ഇതിന് പുറമെയാണ് ഇപ്പോൾ 310 രൂപയുടെ അധിക ബാധ്യത കൂടി അടിച്ചേൽപ്പിക്കുന്നത്.
പദ്ധതി പരാജയമെന്ന് വിമർശനം
കഴിഞ്ഞ മൂന്നര വർഷമായി തുടരുന്ന മെഡിസെപ്പ് പദ്ധതി അമ്പേ പരാജയമാണെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു.
- ക്യാഷ്ലെസ് ചികിത്സ പലയിടത്തും ലഭ്യമല്ല.
- ആയിരക്കണക്കിന് പരാതികൾക്ക് ഇനിയും പരിഹാരമായിട്ടില്ല.
- മെഡിക്കൽ റീഇംബേഴ്സ്മെന്റ് സൗകര്യം ജീവനക്കാർക്ക് നഷ്ടമായി.
ജീവനക്കാരെ സംരക്ഷിക്കുന്നതിന് പകരം അവരെ കൊള്ളയടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനാൽ മെഡിസെപ്പ് പദ്ധതി ‘ഓപ്ഷണൽ’ ആക്കണമെന്നും, സർക്കാർ വിഹിതം ഉറപ്പുവരുത്തി പദ്ധതി അടിയന്തരമായി പരിഷ്കരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എം.എസ്. ഇർഷാദ്, കെ.പി. പുരുഷോത്തമൻ, എസ്. പ്രദീപ് കുമാർ, ബി. നൗഷാദ്, എം.എസ്. മോഹനചന്ദ്രൻ, സി.ഡി. ശ്രീനിവാസ്, റീജ ബീഗം, വി.എ. ബിനു എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചു.
![]()
