തിരുവനന്തപുരം: പ്രവാസ ലോകത്തെ സാധാരണക്കാർക്ക് എന്ത് ഗുണമെന്ന് ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്ന ‘ലോക കേരള സഭ’യുടെ അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നു. ജനുവരി 29, 30, 31 തീയതികളിൽ ആണ് ലോക കേരള സഭ. 29 ന് നിശാഗന്ധിയിലാണ് ഉദ്ഘാടനം . 30,31 തീയതികളിൽ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സമ്മേളന പരിപാടികൾ നടക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാനത്തെ ലോക കേരള സഭയാണിത് എന്ന പ്രത്യേകതയുമുണ്ട്.
ബജറ്റ് സമ്മേളനത്തിന് അവധി; വേദിയൊരുങ്ങുന്നത് കോടികൾ ചെലവിട്ട്
സംസ്ഥാന ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിൽ സഭയ്ക്ക് അവധി നൽകിക്കൊണ്ടാണ് ലോക കേരള സഭയ്ക്കായി നിയമസഭ വിട്ടുനൽകുന്നത്. ഏകദേശം 10 കോടി രൂപയാണ് ഈ മൂന്ന് ദിവസത്തെ മാമാങ്കത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്രയും വലിയ തുക ധൂർത്തടിക്കുന്നതിനെതിരെ ഇതിനോടകം തന്നെ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.
എന്തുകൊണ്ട് ‘പ്രാഞ്ചിയേട്ടൻ’ സഭ?
സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ അവർക്ക് ഗുണകരമായ പദ്ധതികൾ ആവിഷ്കരിക്കാനോ ഈ സഭയ്ക്ക് കഴിയുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. പണക്കാരും സ്വാധീനമുള്ളവരുമായ പ്രവാസികൾക്ക് മാത്രം മുൻഗണന നൽകുന്നതിനാലാണ് ഈ സമ്മേളനത്തെ സോഷ്യൽ മീഡിയയും പൊതുജനങ്ങളും ‘പ്രാഞ്ചിയേട്ടൻ സഭ’ എന്ന് വിശേഷിപ്പിക്കുന്നത്.
ലോക കേരള സഭയുടെ മറവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം വിദേശയാത്രകൾ നടത്തുന്നത് മുൻപും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. സർക്കാരിന്റെ അവസാന കാലത്തെ ഈ സമ്മേളനവും പ്രവാസി ക്ഷേമത്തേക്കാൾ ഉപരിയായി രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്ന ആരോപണം ശക്തമാണ്.
![]()
