കൊല്ലം: ശമ്പള പരിഷ്കരണ കുടിശ്ശികയും ഡി.എയും വൈകുന്നതിനിടയിൽ സർക്കാർ ജീവനക്കാർക്ക് മേൽ പുതിയ സാമ്പത്തിക ബാധ്യത കൂടി അടിച്ചേൽപ്പിക്കുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ ശമ്പളത്തിൽ നിന്നും റിക്കവറി ചെയ്ത് തിരിച്ചടയ്ക്കുന്നതിന് രണ്ട് ശതമാനം ‘റിക്കവറി ഫീസ്’ ഈടാക്കി തുടങ്ങി. വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ശമ്പളത്തിൽ നിന്നും തുക ഈടാക്കി നൽകുന്നതിനാണ് സർക്കാർ ഈ പുതിയ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്ന ഗവേഷണത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
ആർക്കൊക്കെ തിരിച്ചടി?
നിലവിൽ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തുകയും ശമ്പളത്തിൽ നിന്ന് പിടിച്ചെടുക്കാൻ നിർദ്ദേശമുണ്ടാകുകയും ചെയ്യുന്ന ജീവനക്കാർക്കാണ് ഈ അധിക ബാധ്യത വരുന്നത്. ഓരോ മാസവും പിടിച്ചെടുക്കുന്ന തുകയുടെ 2 ശതമാനം ആണ് സർക്കാർ റിക്കവറി ഫീസായി പിരിച്ചെടുക്കുന്നത്. രണ്ട് മാസം മുൻപാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ശമ്പള സോഫ്റ്റ്‌വെയറായ ‘സ്പാർക്കിൽ’ ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു.
ഒരു ഉദാഹരണം ഇങ്ങനെ:
ഒരു ജീവനക്കാരൻ പ്രതിമാസം 10,000 രൂപ വായ്പാ ഗഡുവായി അടയ്ക്കാനുണ്ടെങ്കിൽ, ഇനി മുതൽ അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്നും 10,200 രൂപ വീതം ഈടാക്കും. ഇതിൽ 10,000 രൂപ ധനകാര്യ സ്ഥാപനത്തിലേക്കും അധികമായി വരുന്ന 200 രൂപ സർക്കാരിലേക്കും പോകും. ഇത്തരത്തിൽ പതിനായിരക്കണക്കിന് ജീവനക്കാരിൽ നിന്ന് വലിയൊരു തുക റിക്കവറി ഫീസിനത്തിൽ സർക്കാരിലേക്ക് എത്തും.
പ്രതിഷേധം ശക്തം
13 ശതമാനം ഡി.എ കുടിശ്ശിക നൽകാനുള്ളപ്പോഴാണ് സർക്കാരിന്റെ ഈ ‘കൈയിട്ടുവാരാൽ’ എന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്. ഈ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന ഓഫീസ് അറ്റൻഡർമാർക്ക് പോലും ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുന്ന സാഹചര്യത്തിൽ, സർക്കാരിന്റെ പുതിയ നീക്കം ജീവനക്കാർക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
![]()
