തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഏപ്രിൽ മാസം മുതൽ ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് നിർണ്ണായകമായ ഈ നീക്കം.
2021-ലെ എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ക്ഷേമ പെൻഷൻ 2500 രൂപയാക്കി വർദ്ധിപ്പിക്കുമെന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് ബജറ്റുകളിലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പെൻഷൻ തുകയിൽ ഒരു രൂപ പോലും വർദ്ധിപ്പിച്ചിരുന്നില്ല. ഓരോ വർഷവും 100 രൂപ വീതം വർദ്ധിപ്പിച്ചിരുന്നെങ്കിൽ നിലവിൽ പെൻഷൻ തുക 2100 രൂപയിൽ എത്തുമായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും രാഷ്ട്രീയ മാറ്റങ്ങളും
ശബരിമലയിലെ സ്വർണ്ണ വിവാദമടക്കം സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെൻഷൻ 2000 രൂപയായി ഉയർത്തിയിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ പെൻഷൻ വാങ്ങി പോക്കറ്റിലിട്ട് ജനങ്ങൾ ‘നന്ദികേട്’ കാണിച്ചുവെന്ന മുൻ മന്ത്രി എം.എം. മണിയുടെ പ്രസ്താവന വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്നല്ല, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് പെൻഷൻ നൽകുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതിന് നൽകിയ മറുപടി.
ബജറ്റിൽ ഔദ്യോഗിക പ്രഖ്യാപനം
2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ജനുവരിയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഈ ബജറ്റിലായിരിക്കും പെൻഷൻ വർദ്ധനവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ഏപ്രിൽ മാസം മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
![]()
