തിരുവനന്തപുരം: സംസ്ഥാനം അതിദാരിദ്ര്യ മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ദിവസം തദ്ദേശ മന്ത്രി എം.ബി രാജേഷിൻ്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നടപടി വിവാദത്തിൽ. എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി എൻ. ശശിധരൻ നായർ പങ്കുവെച്ച വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആണ് വിവാദം ക്ഷണിച്ച് വരുത്തിയത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുന്നതും, 5.91 ലക്ഷം അതിദരിദ്രരുണ്ടെന്ന് പറയുന്നതുമായ സ്ക്രീൻഷോട്ടാണ് അദ്ദേഹം സ്റ്റാറ്റസായി ഇട്ടത്.
മന്ത്രി എം.ബി. രാജേഷിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ, ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ സ്റ്റാറ്റസ് നീക്കം ചെയ്തു. ലഭിക്കുന്ന സൂചനയനുസരിച്ച്, മന്ത്രി നേരിട്ട് പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് താക്കീത് നൽകിയെന്നാണ് വിവരം. സ്റ്റാറ്റസ് കാരണം സർക്കാരിന് മുഖം നഷ്ടപ്പെടുമായിരുന്നുവെങ്കിലും, പ്രൈവറ്റ് സെക്രട്ടറി ഉടൻ തന്നെ സ്റ്റാറ്റസ് നീക്കം ചെയ്ത് തടിയൂരി.
സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായ വിവരങ്ങൾ പങ്കുവെച്ചതിലുള്ള വീഴ്ച സംസ്ഥാന ഇൻ്റലിജൻസ് വിംഗ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുമ്പ് എളമരം കരീം, പി. രാജീവ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് എൻ. ശശിധരൻ നായർ. സർക്കാരിന് പൊതുസമൂഹത്തിൽ വലിയ തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ടായിരുന്ന ഈ സംഭവം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ഗൗരവത്തോടെയാണ് ഉന്നതതലങ്ങളിൽ കാണുന്നത്.