മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഭാര്യ അഞ്ജലി ടെണ്ടുൽക്കർ തന്റെ 59-ാം പിറന്നാൾ ആഘോഷിച്ചു. ഈ പ്രത്യേക വേളയിൽ അഞ്ജലിക്കായി സച്ചിൻ പങ്കുവെച്ച സ്നേഹനിർഭരമായ ജന്മദിന സന്ദേശം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സച്ചിൻ മനസ്സ് തൊടുന്ന കുറിപ്പ് പങ്കുവെച്ചത്.
”നീ ഒപ്പമുള്ളതുകൊണ്ടാണ് വീടിന് എപ്പോഴും കൂടുതൽ അർത്ഥമുള്ളത്. ജന്മദിനാശംസകൾ, അഞ്ജലി!” – സച്ചിൻ കുറിച്ചു.
1995 മെയ് 24-നാണ് സച്ചിനും അഞ്ജലിയും വിവാഹിതരായത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. പീഡിയാട്രിഷ്യനായ (ശിശുരോഗ വിദഗ്ദ്ധ) അഞ്ജലി, വിവാഹശേഷം തന്റെ കരിയർ മാറ്റിവെച്ച് കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകുകയായിരുന്നു. സച്ചിന്റെ ക്രിക്കറ്റ് കരിയറിലെ ഉയർച്ച താഴ്ചകളിൽ വലിയ പിന്തുണയായി അഞ്ജലി ഒപ്പമുണ്ടായിരുന്നു. സാറ, അർജുൻ എന്നിവരാണ് മക്കൾ.
അമ്മയുടെ പിറന്നാൾ ദിനത്തിൽ മകൾ സാറ ടെണ്ടുൽക്കറും ഇൻസ്റ്റാഗ്രാമിലൂടെ വൈകാരികമായ കുറിപ്പ് പങ്കുവെച്ചു. “എന്റെ സോൾമേറ്റിന്, എന്റെ സർവ്വസ്വത്തിനും ജന്മദിനാശംസകൾ” എന്ന് സാറ കുറിച്ചു. ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾക്ക് പിന്നാലെ എത്തിയ ഈ കുടുംബ വിശേഷം ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.
