കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമി വീണ്ടും വിവാഹിതയാകുന്നു. താൻ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന സന്തോഷവാർത്ത താരം തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. 2026-ൽ തന്റെ ജീവിതത്തിലേക്ക് അനുയോജ്യനായ ഒരു പങ്കാളി കടന്നുവന്നെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും റിമി വീഡിയോയിൽ വ്യക്തമാക്കി.
തന്റെ ജീവിതത്തിൽ കുടുംബത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നുവെങ്കിലും ഒരു പങ്കാളിയുടെ അഭാവം അനുഭവപ്പെട്ടിരുന്നുവെന്ന് റിമി പറയുന്നു. “എന്റെ ജീവിതത്തിൽ എല്ലാമുണ്ടെങ്കിലും ഒരു പാർട്ണറുടെ വിടവ് എപ്പോഴുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ 2026-ൽ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു,” റിമി വീഡിയോയിൽ പറഞ്ഞു.
തന്റെ ഭാവിവരനെക്കുറിച്ചുള്ള ചില സൂചനകളും റിമി പങ്കുവെച്ചു. അദ്ദേഹം സിനിമാ താരമോ ഗായകനോ പ്രശസ്തനായ വ്യക്തിയോ കോടീശ്വരനോ ഒന്നുമല്ലെന്നും, തന്റെ എല്ലാ സ്വഭാവങ്ങളും നന്മകളും തിന്മകളും മനസ്സിലാക്കിയ ആളാണെന്നും റിമി വ്യക്തമാക്കി. പരസ്പരം മനസ്സിലാക്കാനും മനസ്സമാധാനത്തോടെ മുന്നോട്ട് പോകാനും സാധിക്കുന്ന ഒരാളെയാണ് പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
2008-ൽ വ്യവസായിയായ റോയ്സിനെ വിവാഹം ചെയ്ത റിമി, നീണ്ട 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2019-ൽ നിയമപരമായി വിവാഹമോചനം നേടിയിരുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്ന റിമിക്ക് ആശംസകളുമായി നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തിയിരിക്കുന്നത്.
