തിരുവനന്തപുരം: സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ ഓണാഘോഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ സർക്കാർ പ്രത്യേക ധനസഹായം അനുവദിച്ചു. സംരക്ഷണ കേന്ദ്രങ്ങളിലെ 250-ഓളം വരുന്ന കുട്ടികളുടെ ഓണാഘോഷ ആവശ്യങ്ങൾക്കായി 2 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന്, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) മാനേജിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ OSD യും ആയ ഉമേശ് കേശവൻ IAS വഴിയാണ് തുക ലഭ്യമാക്കിയത്.
സംസ്ഥാനത്തൊട്ടാകെയുള്ള 16 വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്ക് ഈ തുകയുടെ ആനുകൂല്യം ലഭിക്കും. ആഘോഷ ദിവസങ്ങളിൽ സ്ഥാപനങ്ങളിൽ തന്നെ കഴിയേണ്ടി വരുന്ന കുട്ടികൾക്ക് വിപുലമായ ഓണസദ്യ ഒരുക്കുന്നതിനൊപ്പം പുറത്തുപോകാനുള്ള സൗകര്യവും (ഔട്ടിംഗ്), തിയേറ്ററുകളിൽ സിനിമ കാണുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും.
ഓണക്കാലത്ത് ഒരു കുട്ടിയുടെയും സന്തോഷം മങ്ങരുതെന്ന സർക്കാരിന്റെ പ്രത്യേക കരുതലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
