സാന്റോസ് — മോശം മനോഭാവത്തോടെ സ്റ്റേഡിയത്തിലേക്ക് വരുന്ന സാന്റോസ് ആരാധകർ വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന നെയ്മറിന്റെ പ്രതികരണം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നു. ടീം തിരിച്ചടി നേരിടുമ്പോൾ നിരാശയും ദേഷ്യവും പ്രകടിപ്പിക്കുന്ന ആരാധകരുടെ നിലപാടിനെതിരെയാണ് ബ്രസീലിയൻ താരം പരസ്യമായി രംഗത്തെത്തിയത്.
വർഷങ്ങളായി സാന്റോസ് ആരാധകർ നിരാശയിലാണെന്ന് അറിയാമെന്നും, എന്നാൽ മത്സരം കാണാൻ വരുമ്പോൾ ആ നിഷേധാത്മക ചിന്താഗതി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരരുതെന്നും നെയ്മർ പറഞ്ഞു.
”സാന്റോസ് ആരാധകർ വർഷങ്ങളായി സങ്കടത്തിലാണെന്ന് എനിക്കറിയാം. എന്നാൽ അതിനെക്കുറിച്ച് മാത്രം ചിന്തിച്ച് പ്രതികൂല മനോഭാവത്തോടെയാണ് സ്റ്റേഡിയത്തിലേക്ക് വരുന്നതെങ്കിൽ, അവർ വീട്ടിലിരിക്കുന്നതാണ് നല്ലത്,” നെയ്മർ തുറന്നടിച്ചു.
ടീം വിജയിക്കാൻ തുടങ്ങിയപ്പോൾ മാത്രം പിന്തുണച്ച ആരാധകരുടെ നിലപാടിനെയും താരം പരിഹസിച്ചു.
”ഞങ്ങൾ കളി തിരിച്ചുപിടിച്ചപ്പോൾ അവർ ഞങ്ങളെ പിന്തുണച്ച് ആർപ്പുവിളിക്കാൻ തുടങ്ങി. അത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ,” നെയ്മർ കൂട്ടിച്ചേർത്തു.
നെയ്മറിന്റെ പ്രസ്താവനയ്ക്കെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയെങ്കിലും, ടീമിന് പോസിറ്റീവ് ഊർജ്ജം നൽകാനാണ് താരം ശ്രമിച്ചതെന്നാണ് മറ്റുള്ളവരുടെ വാദം.
