ന്യൂഡൽഹി / സനാ — ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ആക്രമണത്തിന് ഇരയായ ഇന്ത്യൻ പതാക വഹിച്ച ചരക്കുകപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരും ഒരു യെമൻ പൗരനും ഉൾപ്പെടെ 14 ജീവനക്കാരെയും യെമൻ തീരസേനയും നാവികസേനയും ചേർന്ന് വിജയകരമായി രക്ഷപ്പെടുത്തി.
ഹൊദൈദ തീരത്ത് വച്ച് ആക്രമണം
’എം.എസ്.വി ഫൈസ് നൂറെ ഒലിയ’ (MSV Faize Noore Oliya) എന്ന യാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ ഹൊദൈദ തുറമുഖ നഗരത്തിന് 13 നോട്ടിക്കൽ മൈൽ തെക്ക് വച്ചാണ് കപ്പലിലേക്ക് പ്രൊജക്റ്റൈൽ (റോക്കറ്റ്/മിസൈൽ) പതിച്ചത്. ആക്രമണത്തെത്തുടർന്ന് നിയന്ത്രണം വിട്ട കപ്പൽ തലകീഴായി മറിഞ്ഞ് ചെങ്കടലിൽ താഴ്ന്നു.
ഉടൻ തന്നെ യെമൻ നാഷണൽ റെസിസ്റ്റൻസ് ഫോഴ്സിന്റെ (ഗാർഡ്സ് ഓഫ് ദി റിപ്പബ്ലിക്) നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയും 14 പേരെയും സുരക്ഷിതമായി ‘മോഖ’ (Port of Mokha) തുറമുഖത്ത് എത്തിക്കുകയും ചെയ്തു. ഇവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.
ശക്തമായി അപലപിച്ച് ഇന്ത്യ
ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. നിരായുധരായ നാവികർ സഞ്ചരിച്ച ചരക്കുകപ്പലിന് നേരെ നടന്ന് ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ വ്യക്തമാക്കി.
”പ്രതിരോധമില്ലാത്ത യാനത്തിന് നേരെയുണ്ടായ ഈ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. 13 ഇന്ത്യക്കാർ ഉൾപ്പെടെ 14 നാവികരും സുരക്ഷിതരായി യെമൻ തീരസേനയുടെ കസ്റ്റഡിയിൽ മോഖ തുറമുഖത്ത് എത്തിച്ചേർന്നു എന്ന് അറിയിക്കുന്നതിൽ ആശ്വാസമുണ്ട്,” എന്ന് കേന്ദ്രമന്ത്രി കുറിച്ചു.
പ്രദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന് (DGMA) മന്ത്രി നിർദ്ദേശം നൽകി.
റിയാദിലെ ഇന്ത്യൻ എംബസി യെമൻ അധികൃതരുമായി ചേർന്ന് നാവികരുടെ തുടർന്നുള്ള സുരക്ഷിതമായ യാത്രയ്ക്കും ക്ഷേമത്തിനുമായി പ്രവർത്തിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര കപ്പൽ പാതകളിലെ ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.