ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ ഇന്ത്യൻ തീരങ്ങളിലേക്ക് ആശ്വാസവാർത്ത. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികൾക്കിടയിലൂടെ ഏഴാമത്തെ ഇന്ത്യൻ എൽപിജി ടാങ്കറായ ‘ഗ്രീൻ സാൻവി’ (Green Sanvi) വെള്ളിയാഴ്ച വിജയകരമായി യാത്ര പൂർത്തിയാക്കി. പശ്ചിമേഷ്യയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുന്ന ഏഴാമത്തെ കപ്പലാണിത്.
നിലവിൽ 17 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായി കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ ‘ഗ്രീൻ ആശ’ (Green Asha), ‘ജഗ് വിക്രം’ (Jag Vikram) എന്നീ രണ്ട് എൽപിജി ടാങ്കറുകളും ഉൾപ്പെടുന്നു. ഈ കപ്പലുകൾ ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് സൂചന. പേർഷ്യൻ ഗൾഫിലെ അബു മൂസ ദ്വീപിന് വടക്കുകിഴക്കായി നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലുകൾ ഇന്ത്യൻ നേവിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് നീങ്ങുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കായി പ്രത്യേക അനുമതി ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണിവർ.
തിരിച്ചടിയായി ഇറാൻ എണ്ണക്കപ്പലിന്റെ ചുവടുമാറ്റം
അതേസമയം, ഇന്ത്യയിലേക്ക് വരികയായിരുന്ന ഇറാനിയൻ എണ്ണ വഹിച്ച ഒരു വിദേശ കപ്പൽ യാത്രയ്ക്കിടയിൽ ലക്ഷ്യസ്ഥാനം മാറ്റിയത് ഇന്ത്യയ്ക്ക് ചെറിയ തിരിച്ചടിയായി. ഗുജറാത്തിലെ കണ്ട്ലയിലുള്ള വാഡിനാർ തുറമുഖത്തേക്ക് വരികയായിരുന്ന ‘പിംഗ് ഷുൻ’ (Ping Shun) എന്ന കപ്പലാണ് ഇപ്പോൾ ചൈനയിലെ ഡോങ്യിംഗിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ലക്ഷ്യസ്ഥാനം മാറ്റാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ആറ് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിക്കുന്ന ഈ കപ്പൽ ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ, കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇറാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യത്തെ എണ്ണക്കൈമാറ്റം എന്ന ചരിത്രപരമായ നേട്ടം കൈവരിക്കുമായിരുന്നു. ചൈന ഒഴികെയുള്ള രാജ്യങ്ങളിലേക്ക് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ലോജിസ്റ്റിക്സിനെക്കാൾ ഉപരിയായി സാമ്പത്തിക ഇടപാടുകൾ നിർണ്ണായകമാകുന്ന കാഴ്ചയാണിത് വ്യക്തമാക്കുന്നത്.
ഇന്ത്യൻ നേവിയുടെ ശക്തമായ നിരീക്ഷണത്തിലാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര തുടരുന്നത്. ഇന്ധന ലഭ്യതയിൽ കുറവുണ്ടാകാതിരിക്കാൻ കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
![]()
