തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖർക്കായി നടത്തിയ ഇഫ്താർ വിരുന്നിന്റെ ചെലവ് കണക്കുകൾ പുറത്ത്. ഫെബ്രുവരി 23-ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന വിരുന്നിൽ ഭക്ഷണത്തിനായി മാത്രം 23.27 ലക്ഷം രൂപ ചെലവായതായാണ് റിപ്പോർട്ടുകൾ.
വാടകയില്ല, എങ്കിലും കോടികൾ?
നിയമസഭാ സമുച്ചയത്തിലെ ഹാൾ ആയതിനാൽ വേദിക്കായി വാടക നൽകേണ്ടി വന്നിരുന്നില്ല. എന്നാൽ വിരുന്നിൽ പങ്കെടുത്തവർക്കായി ഒരുക്കിയ ഭക്ഷണത്തിന് വൻ തുകയാണ് ചെലവായത്. ഭക്ഷണത്തിൻ്റെ പണം നൽകാനായി ഫെബ്രുവരി 25-ന് തന്നെ പൊതുഭരണ വകുപ്പ് അക്കൗണ്ട്സ് വിഭാഗം ബജറ്റ് വിംഗിനോട് പണം ആവശ്യപ്പെട്ടിരുന്നു.

അധിക ഫണ്ട് തേടി ധനവകുപ്പിലേക്ക്
വിരുന്നുകൾക്കും മറ്റുമായി നീക്കിവെച്ച തുക നേരത്തെ തന്നെ പൂർണ്ണമായി ചെലവഴിച്ചതിനാൽ, ഈ തുക കണ്ടെത്താൻ പൊതുഭരണ വകുപ്പിന് സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് അധിക ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ധനവകുപ്പിനെ സമീപിക്കുകയായിരുന്നു.
നിയന്ത്രണങ്ങളിൽ ഇളവ്
സംസ്ഥാനത്ത് കടുത്ത ട്രഷറി നിയന്ത്രണം നിലനിൽക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വിരുന്നിന്റെ കാര്യത്തിൽ ധനവകുപ്പ് പ്രത്യേക പരിഗണന നൽകി. ഈ മാസം 12-ന് ആണ് 23.27 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിക്കൊണ്ടാണ് ഈ തുക പാസാക്കിയത്. ഇതോടെ ഭക്ഷണം വിളമ്പിയ കരാർ സ്ഥാപനത്തിന് വൈകാതെ തന്നെ പണം ലഭിക്കും.
![]()
