തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന്റെ ഡിജിറ്റൽ കോട്ടകളിൽ വിള്ളൽ വീഴ്ത്തി മുതിർന്ന നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും കൂട്ടരാജി. സൈബർ സെല്ലിന്റെ ചുമതലക്കാരനായ എം.വി. നികേഷ് കുമാറിന്റെ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ചാണ് ദേശാഭിമാനിയിലെ മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി. സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവർ ചുമതലകൾ ഒഴിഞ്ഞത്.
കൊമ്പുകോർത്ത് വെറ്ററൻമാരും നികേഷും
പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശ്വസ്തനായി സൈബർ സെൽ തലപ്പത്തെത്തിയ നികേഷ് കുമാറും, ദശാബ്ദങ്ങളായി പാർട്ടിയുടെ മുഖപത്രത്തിലും ആശയപ്രചാരണ രംഗത്തും പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകരും തമ്മിലുള്ള ശീതസമരമാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
- കെ.വി. സുധാകരൻ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായും വിവരാവകാശ കമ്മീഷൻ അംഗമായും പ്രവർത്തിച്ച വ്യക്തിയാണ്.
- കെ. മോഹൻദാസ്: ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ്, ന്യൂസ് എഡിറ്റർ എന്നീ നിലകളിൽ പാർട്ടിയുടെ സൈദ്ധാന്തിക ചട്ടക്കൂടിനുള്ളിൽ നിന്നുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആൾ.
- ഇ.എസ്. സുഭാഷ്: ദേശാഭിമാനി ന്യൂസ് എഡിറ്ററായും പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
തിരിച്ചടികളുടെ പരമ്പര; ‘പെൻഷൻ നാടകം’ വിനയായി
നികേഷ് കുമാർ സൈബർ സെൽ തലവനായതിന് ശേഷം സോഷ്യൽ മീഡിയയിൽ സി.പി.എമ്മിന് കടുത്ത തിരിച്ചടികളാണ് നേരിടേണ്ടി വരുന്നതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. സൈബർ പോരാട്ടങ്ങളിൽ എന്നും മുന്നിലായിരുന്ന പാർട്ടിക്ക്, സമീപകാലത്തുണ്ടായ പല വിവാദങ്ങളിലും പ്രതിരോധം തീർക്കാൻ കഴിഞ്ഞില്ല.
ഏറ്റവും ഒടുവിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ യാത്രയ്ക്കിടെ, ഒരു പെൻഷൻകാരനെ കൊണ്ട് അഭിനയിപ്പിച്ചു എന്ന് പറയപ്പെടുന്ന വീഡിയോ പുറത്തുവന്നത് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.കൃത്രിമമായ ഇത്തരം നാടകങ്ങൾ പാർട്ടിയുടെ വിശ്വാസ്യത തകർക്കുന്നു എന്ന നിലപാടിലാണ് രാജി വെച്ചവർക്കുള്ളത്.
പാർട്ടിയിലെ വിയോജിപ്പുകൾ
റിപ്പോർട്ടർ ടിവി വിട്ട് പാർട്ടിയിൽ സജീവമായ നികേഷ് കുമാറിന് എ.കെ.ജി സെന്ററിൽ ലഭിക്കുന്ന അമിത പ്രാധാന്യത്തിലും സൈബർ സെല്ലിലെ ഏകപക്ഷീയമായ തീരുമാനങ്ങളിലും താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിലും അമർഷമുണ്ട്. മാധ്യമ രംഗത്തെ പരിചയം രാഷ്ട്രീയ രംഗത്ത് വേണ്ടവിധം ഉപയോഗപ്പെടുത്താൻ നികേഷിന് കഴിയുന്നില്ലെന്നും, പകരം പാർട്ടിയെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ് ചെയ്യുന്നതെന്നും വിമർശനം ഉയരുന്നു.