തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഒരു വിഭാഗം സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ നേരിടാൻ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. ഫെബ്രുവരി 12-ന് പണിമുടക്കുന്നവർക്ക് ‘ഡയസ് നോൺ’ (Dies-non) ബാധകമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്തവരുടെ ആ ദിവസത്തെ ശമ്പളം വരാനിരിക്കുന്ന മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്ന് ഈടാക്കും.
ഉത്തരവിലെ പ്രധാന നിബന്ധനകൾ ഇവയാണ്:
- അവധിക്ക് വിലക്ക്: പണിമുടക്ക് ദിവസം യാതൊരുവിധ സാധാരണ അവധികളും അനുവദിക്കില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങൾ (സ്വന്തം അസുഖം, അടുത്ത ബന്ധുക്കളുടെ അസുഖം, പരീക്ഷകൾ, പ്രസവാവധി) നേരിടുന്നവർക്ക് മതിയായ രേഖകൾ ഹാജരാക്കിയാൽ ഇളവ് ലഭിക്കും.
- ശമ്പളം നഷ്ടമാകും: ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ അന്നത്തെ വേതനം അടുത്ത മാസത്തെ ശമ്പള ബില്ലിൽ നിന്ന് കുറവ് ചെയ്യും.
- അക്രമം തടയും: സമരത്തിന്റെ മറവിൽ അക്രമങ്ങൾ നടത്തുന്നവർക്കെതിരെയും പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെയും കേസെടുത്ത് കർശന നിയമനടപടി സ്വീകരിക്കും.
- യാത്രാ സൗകര്യം: ജീവനക്കാർക്ക് ഓഫീസുകളിലെത്താൻ തടസ്സമുണ്ടാകാതിരിക്കാൻ ആവശ്യത്തിന് ബസ് സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- സുരക്ഷാ ക്രമീകരണങ്ങൾ: ഓഫിസുകളിൽ എത്തുന്നവർക്ക് ജോലി ചെയ്യാൻ ആവശ്യമായ സാഹചര്യം ഒരുക്കാൻ ജില്ലാ കളക്ടർമാർക്കും പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകി.
പണിമുടക്ക് ദിവസം സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം സ്തംഭിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
![]()
