തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ചായകുടിക്ക് മാത്രം പൊടിക്കുന്നത് ലക്ഷങ്ങൾ. ചീഫ് സെക്രട്ടറി എ. ജയതിലകും സംഘവും വെറും മൂന്ന് മാസം കൊണ്ട് ചായ കുടിച്ചു തീർത്തത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കണക്കിലെ കളി ഇങ്ങനെ:
സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നാണ് ജയതിലകും മറ്റ് ഐ എ എസുകാരും ലഘു ഭക്ഷണം എത്തിച്ചിരുന്നത്. 2025 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ബില്ലാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
- ആകെ ചെലവ്: ₹6,05,434
- കാലയളവ്: 3 മാസം (92 ദിവസങ്ങൾ)
- പ്രവൃത്തി ദിനങ്ങൾ: 72 ദിവസങ്ങൾ (അവധി ഒഴികെ)
- പ്രതിദിന ശരാശരി: ₹8,408
അതായത്, അവധി ദിവസങ്ങൾ ഒഴിവാക്കിയാൽ ഓരോ പ്രവൃത്തി ദിനത്തിലും ശരാശരി 8,400 രൂപയുടെ ചായയും പലഹാരവുമാണ് ഓഫീസുകളിൽ അകത്താക്കിയത്. സാധാരണക്കാരന്റെ മാസശമ്പളം ഒരു ദിവസം കൊണ്ട് ചായകുടിച്ച് തീർക്കുന്ന ഈ ‘ധൂർത്ത്’ ഉദ്യോഗസ്ഥ വൃത്തങ്ങൾക്കിടയിൽ തന്നെ വലിയ ചർച്ചയായിട്ടുണ്ട്.

ഖജനാവ് കാലി, എങ്കിലും പണം അനുവദിച്ചു
സംസ്ഥാന ഖജനാവിൽ ‘പൂച്ച പെറ്റുകിടക്കുന്ന’ അവസ്ഥയാണെന്ന് പ്രതിപക്ഷം ആവർത്തിക്കുമ്പോഴും, ഈ ഭീമമായ ചായബില്ല് പാസാക്കാൻ ഒടുവിൽ സർക്കാർ തീരുമാനിച്ചു. ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം കുടിശ്ശികയായി കിടന്ന ഈ തുക ഈ മാസം 2-ാം തീയതിയാണ് സർക്കാർ അനുവദിച്ചത്.
സംസ്ഥാനം സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് നിർദ്ദേശിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ തന്നെ ഇത്തരം ആഡംബരങ്ങൾക്ക് കൂട്ടുനിൽക്കുന്നത് പൊതുജനമധ്യത്തിൽ സർക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
![]()
