തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നിയന്ത്രണം വിടുന്നു. പരാജയ ഭീതിയും രാഷ്ട്രീയ സമ്മർദ്ദവും മൂലം മാധ്യമപ്രവർത്തകർക്ക് നേരെ ഇരുവരും ആക്രോശിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കാണുന്നത്.
വെള്ളാപ്പള്ളിയെ ചുമന്നത് വിനയായി; സിപിഐ തുറന്നടിച്ചു
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടിയതാണെന്ന് സിപിഐ പരസ്യമായി വിമർശിച്ചിരുന്നു. “ഞാനാണെങ്കിൽ വെള്ളാപ്പള്ളിയെ കാറിൽ പോലും കയറ്റില്ല” എന്ന ബിനോയ് വിശ്വത്തിന്റെ പരിഹാസത്തിന്, “താൻ ബിനോയ് വിശ്വമല്ല” എന്നായിരുന്നു പിണറായിയുടെ മറുപടി. എന്നാൽ ഈ വാക്പോരുകൾക്ക് പിന്നാലെ വെള്ളാപ്പള്ളിയും മുഖ്യമന്ത്രിയും മാധ്യമങ്ങളോട് പെരുമാറുന്ന രീതി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
മാധ്യമപ്രവർത്തകനെ ‘തീവ്രവാദി’ എന്ന് വിളിച്ച് വെള്ളാപ്പള്ളി
മലബാറിലെ സ്കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യമാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്. ഡിസംബർ 31-ന് റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകന്റെ മൈക്ക് തട്ടിമാറ്റിയ വെള്ളാപ്പള്ളി, ഇന്ന് (ജനുവരി 2) നടന്ന വാർത്താസമ്മേളനത്തിൽ കൂടുതൽ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും മുസ്ലീങ്ങളുടെ വക്താവാണെന്നുമാണ് വെള്ളാപ്പള്ളി ആക്ഷേപിച്ചത്.
”ചോദ്യം ചോദിച്ചവൻ ഈരാറ്റുപേട്ടക്കാരനാണ്, എം.എസ്.എഫ് നേതാവാണ്. അവൻ തീവ്രവാദിയാണ്. എനിക്ക് അവന്റെ അപ്പൂപ്പനാകാനുള്ള പ്രായമില്ലേ?” – മേശയിലടിച്ച് വെള്ളാപ്പള്ളി ചോദിച്ചു. പേര് നോക്കിയാണോ തീവ്രവാദിയെന്ന് വിളിക്കുന്നത് എന്ന ചോദ്യത്തിന് തനിക്ക് അറിവുള്ളതുകൊണ്ടാണെന്നായിരുന്നു മറുപടി.
കടകംപള്ളി ചോദ്യത്തിൽ പൊട്ടിത്തെറിച്ച് പിണറായി
ജനുവരി ഒന്നിന് നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സമാധാനത്തിലായിരുന്നില്ല. ശബരിമല സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെക്കുറിച്ചുള്ള ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. കടകംപള്ളി ദേവസ്വം മന്ത്രിയായിരുന്നപ്പോൾ നടന്ന കവർച്ചയെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന്, “ഇടയ്ക്ക് കയറി സംസാരിക്കാൻ മുതിരരുത്” എന്ന് കടുത്ത ഭാഷയിൽ മുഖ്യമന്ത്രി താക്കീത് നൽകി.
തോൽവിയുടെ ഉത്തരവാദിത്തത്തെച്ചൊല്ലി മുന്നണിക്കുള്ളിലും പുറത്തും പുകച്ചിൽ തുടരുന്നതിനിടെ, നേതാക്കളുടെ ഈ പ്രകോപനം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
![]()
