തിരുവനന്തപുരം: നഗരമധ്യത്തിൽ നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് ബഹുനില ഫ്‌ളാറ്റ് നിർമ്മാണം നടത്തുന്നതായി പരാതി. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾക്കിടെ അയൽവാസിയുടെ ആഡംബര കാറിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അരോമ ബിൽഡേഴ്‌സിന് (Aroma Builders) വക്കീൽ നോട്ടീസ് അയച്ചു.
തിരുവനന്തപുരം നന്തൻകോട് അരോമ ബിൽഡേഴ്‌സ് പണികഴിപ്പിക്കുന്ന ‘ബൈ ദ ക്ലിഫ്’ (By The Cliff) എന്ന പ്രോജക്റ്റിലാണ് ചട്ടങ്ങൾ ലംഘിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികൾക്കും കോർപറേഷൻ ഓഫീസിനും തൊട്ടടുത്താണ് യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ നിർമ്മാണം പുരോഗമിക്കുന്നത്. കഴിഞ്ഞ ഡിസംബർ 10-ന് നടന്ന പെയിന്റിംഗ് ജോലികൾക്കിടയിലാണ് വോൾവോ കാറിന് മുകളിലേക്ക് പെയിന്റ് അടിച്ചു വീണത്.
നന്തൻകോട് കോർഡിയൽ ഭാരതി അപ്പാർട്ട്‌മെന്റിലെ താമസക്കാരന്റെ വോൾവോ കാറിനാണ് കേടുപാടുകൾ സംഭവിച്ചത്. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോഡിയിലും ഗ്ലാസിലും പെയിന്റ് പറ്റിപ്പിടിച്ച് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
നിർമ്മാണ സ്ഥലത്ത് സുരക്ഷാ മറകൾ സ്ഥാപിക്കുകയോ അയൽവാസികൾക്ക് മുന്നറിയിപ്പ് നൽകുകയോ ചെയ്തിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പണി നടക്കുന്ന ഇടത്തെ ജീവനക്കാരെ വിവരം അറിയിച്ചിട്ടും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്ന് ഉടമ ആരോപിക്കുന്നു.
സംഭവത്തിൽ 25,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും, രേഖാമൂലം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടും അഡ്വ. ലാൽ എസ്. മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. മറ്റ് താമസക്കാരുടെ വാഹനങ്ങൾക്കും സമാനമായ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളതായി നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നുണഅട്.
