തിരുവനന്തപുരം: “സർ, ഞാൻ മിടുക്കനാണ്. തീരദേശ മേഖലയുടെ വികസനത്തിന് എന്റെ സേവനം അത്യന്താപേക്ഷിതമാണ്…” – കേൾക്കുമ്പോൾ അല്പം കൗതുകം തോന്നാമെങ്കിലും, വിരമിച്ച ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പുനർനിയമനത്തിനായി മന്ത്രിക്ക് നൽകിയ അപേക്ഷയിലെ വരികളാണിത്. തന്റെ മിടുക്ക് സ്വയം സാക്ഷ്യപ്പെടുത്തി കത്തെഴുതിയ മുൻ എറണാകുളം കളക്ടർ പി.ഐ. ഷെയ്ക്ക് പരീതിന്, പ്രായപരിധി നിബന്ധനകളിൽ ഇളവ് നൽകി സർക്കാർ വീണ്ടും ഒരു വർഷം കൂടി കാലാവധി നീട്ടിനൽകി.
പ്രായപരിധി 65, ഷെയ്ക്ക് പരീതിന് 67!
പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിംഗ് ഡയറക്ടർമാർ, സി.ഇ.ഒ എന്നിവരുടെ പ്രായപരിധി 65 വയസ്സായി സർക്കാർ നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ചട്ടം മറികടന്നാണ് 67-കാരനായ ഷെയ്ക്ക് പരീതിനെ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ (KSCADC) മാനേജിംഗ് ഡയറക്ടറായി വീണ്ടും അവരോധിച്ചിരിക്കുന്നത്. ഡിസംബർ 17-ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കാലാവധി നീട്ടാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഡിസംബർ 19-ന് പുറത്തിറങ്ങി.
മന്ത്രി സജി ചെറിയാന് അയച്ച ആ കത്ത്
തീരദേശ വികസന കോർപ്പറേഷനിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും അവ സമയബന്ധിതമായി തീർക്കാൻ തന്റെ സാന്നിധ്യം അത്യാവശ്യമാണെന്നും കാണിച്ചാണ് ഷെയ്ക്ക് പരീത് ഫിഷറീസ് മന്ത്രി സജി ചെറിയാന് കത്തയച്ചത്. വിരമിച്ച ഉദ്യോഗസ്ഥരോടുള്ള പിണറായി സർക്കാരിന്റെ ‘പ്രത്യേക കരുതൽ’ ഇവിടെയും പ്രകടമായി. അപേക്ഷ കിട്ടിയ പാടെ തന്നെ പ്രായപരിധിയിൽ ഇളവ് നൽകി കാലാവധി നീട്ടാൻ സർക്കാർ തയ്യാറാവുകയായിരുന്നു.
2018 മുതൽ തുടരുന്ന ‘പുനർനിയമന പരമ്പര’
ഇതാദ്യമായല്ല ഷെയ്ക്ക് പരീതിന് സർക്കാർ ഇത്തരത്തിൽ കാലാവധി നീട്ടി നൽകുന്നത്. 2018-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഇദ്ദേഹത്തെ തീരദേശ വികസന കോർപ്പറേഷൻ എംഡിയായി പുനർനിയമിച്ചത്. പിന്നീട് ഓരോ വർഷവും കാലാവധി നീട്ടി നൽകി അദ്ദേഹം ഇതേ കസേരയിൽ തുടരുകയാണ്. മിടുക്കരായ യുവ ഉദ്യോഗസ്ഥർ കാത്തിരിക്കുമ്പോഴാണ് 67 വയസ്സായ ഉദ്യോഗസ്ഥന് വേണ്ടി നിയമങ്ങളിൽ ഇളവ് വരുത്തി സർക്കാർ വീണ്ടും നിയമനം നൽകുന്നത്.
![]()
