തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും ധൂർത്തിന് യാതൊരു കുറവുമില്ലെന്ന് വ്യക്തമാക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. ഡിസംബർ 20, 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നടത്തിപ്പിനായി സർക്കാർ ഖജനാവിൽ നിന്ന് 4.5 കോടി രൂപ അനുവദിച്ചു. ഡിസംബർ 12-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സാംസ്കാരിക വകുപ്പ് പുറത്തിറക്കിയത്.
ലാൽസലാമിനേക്കാൾ വലിയ ചെലവ്!
ഒരു ദിവസം വൈകുന്നേരം മാത്രം നടന്ന ‘ലാൽസലാം’ പരിപാടിക്ക് 2.84 കോടിയായിരുന്നു ചെലവെങ്കിൽ, 3 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയുടെ ആകെ ചെലവ് 10 കോടി കടക്കും എന്നാണ് ലഭിക്കുന്ന സൂചന.
സർക്കാർ അനുവദിച്ച 4.5 കോടി മതിയാകില്ലെന്ന് ഉറപ്പായതോടെ, ബാക്കി തുക കണ്ടെത്തുന്നതിനായി രഹസ്യമായി സ്പോൺസർമാരെ കാണാൻ നീക്കമുണ്ട്. നേരത്തെ കേരളീയം, നവകേരള സദസ്സ് തുടങ്ങിയ വമ്പൻ പരിപാടികൾക്കും സർക്കാർ ഇത്തരത്തിൽ സ്പോൺസർമാരിൽ നിന്ന് പണം പിരിച്ചിരുന്നു.

ആശയത്തിന് പിന്നിൽ എം.എ. ബേബി
സി.പി.എമ്മിൻ്റെ അഖിലേന്ത്യ സെക്രട്ടറിയായ എം.എ. ബേബിയാണ് ഈ പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്ന ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്. മുൻപ്, ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഏറെ ശ്രദ്ധേയമായ “മാനവീയം” എന്ന പരിപാടിയുടെ ബുദ്ധികേന്ദ്രവും ബേബി ആയിരുന്നു.
പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ‘ഒടിയൻ’ സംവിധായകൻ ശ്രീകുമാരമേനോൻ്റെ ഉടമസ്ഥതയിലുള്ള പുഷിനാണ് ലഭിച്ചിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ശേഷവും പിണറായി സർക്കാർ ധൂർത്ത് കുറയ്ക്കാൻ തയ്യാറല്ലെന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ നീക്കമെന്ന വിമർശനമാണ് ഉയരുന്നത്.
![]()
