തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പലപ്പോഴും നിർമാണ സ്ഥലങ്ങളിൽ റീലുകൾ ചിത്രീകരിക്കുകയും ലക്ഷങ്ങൾ മുടക്കി പിണറായി-റിയാസ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പലയിടത്തും ദേശീയപാത തകർന്നു വീണതോടെ നിർമ്മാണം കേന്ദ്ര സർക്കാരിന്റേതാണെന്ന് പറഞ്ഞ് പിണറായിയും റിയാസും തലയൂരുകയായിരുന്നു. തുടർച്ചയായ അപകടങ്ങളെ തുടർന്ന് നേരത്തെ സ്ഥാപിച്ച ഈ ഫ്ലെക്സുകളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു.
സമാനമായ തന്ത്രമാണ് ഇപ്പോൾ ശബരിമലയിലെ സ്വർണ്ണ മോഷണത്തിലും സി.പി.എം പയറ്റുന്നത്. മോഷണത്തിൽ ദേവസ്വം ബോർഡിനാണ് പങ്കെന്നും സർക്കാരിന് ദേവസ്വത്തിന്റെ ഫയലുകൾ വരില്ലെന്നുമാണ് സി.പി.എമ്മിന്റെ പുതിയ വാദം. മുൻ സി.പി.എം എം.എൽ.എയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ. പത്മകുമാർ അറസ്റ്റിലായതിന് പിന്നാലെയാണ് സർക്കാരിന് പങ്കില്ലെന്ന ‘ക്യാപ്സൂളുമായി’ പാർട്ടി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
സർക്കാരിന് പങ്കില്ലെന്ന് ക്യാപ്സൂൾ:
ദേശീയപാതയുടെ കാര്യത്തിലെന്ന പോലെ, ശബരിമല മോഷണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിന്റെ തലയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനും ടീമും കൈകഴുകാനാണ് ശ്രമിക്കുന്നത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അറസ്റ്റിലായ സാഹചര്യത്തിൽ, കേസിന്റെ ദിശ സർക്കാരിൽ നിന്ന് ദേവസ്വത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കടകംപള്ളിയിലേക്ക് അന്വേഷണം നീളുന്നു:
ശബരിമല സ്വർണ്ണ മോഷണത്തിൽ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കടകംപള്ളി കൂടി അറസ്റ്റിലായാൽ, സർക്കാരിനും സി.പി.എമ്മിനും ഈ വിഷയത്തിൽ എന്ത് മറുപടി നൽകാൻ കഴിയുമെന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. മുൻപ് ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ചതുപോലെ, ഈ മോഷണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് എളുപ്പത്തിൽ ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
![]()
