തിരുവനന്തപുരം: വിലകയറ്റത്തിൻ്റെ (Inflation) ദുരിതക്കയത്തിൽപ്പെട്ട് സാധാരണ ജനജീവിതം വഴിമുട്ടിയിട്ടും കേരള സർക്കാർ നിസ്സംഗത തുടരുന്നു. തുടർച്ചയായ പത്താം മാസവും രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒക്ടോബറിലെ ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ, ദേശീയതലത്തിൽ വിലക്കയറ്റം കുറഞ്ഞതിന്റെ ആശ്വാസത്തിൽ രാജ്യം മുന്നോട്ട് പോകുമ്പോൾ, കേരളം മാത്രം പടുകുഴിയിൽ തുടരുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ വ്യക്തമായ സൂചനയാണ്.
വില നിയന്ത്രിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ, ഭരണരംഗം പൂർണ്ണമായും നിശ്ചലമായി എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുന്നത്. ‘പിണറായി സർക്കാർ മയക്കത്തിൽ’ ആണെന്നും, വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഒരു നടപടിയും എടുക്കുന്നില്ലെന്നും സാമ്പത്തിക വിദഗ്ദ്ധരും പ്രതിപക്ഷവും ഒരുപോലെ ചൂണ്ടിക്കാട്ടുന്നു. ഭരണനേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളോ, വിപണി ഇടപെടലുകളോ ഉണ്ടായിട്ടില്ല. പകരം, നടപ്പാക്കാത്ത പദ്ധതികളെക്കുറിച്ചുള്ള ‘തള്ളൽ’ മാത്രമാണ് ഇവിടെ നടക്കുന്നതെന്നും വിമർശകർ പറയുന്നു.
അരി, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യ-മാംസാദികൾ എന്നിവയുടെയെല്ലാം വില കുതിച്ചുയർന്നിട്ടും, സപ്ലൈകോ പോലുള്ള സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾക്ക് റെക്കോർഡ് വില നൽകേണ്ടിവരുന്നതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണ്.