തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൂടുതൽ ചൂടുപിടിക്കുന്നു. യു.ഡി.എഫ് പ്രചാരണത്തിൻ്റെ ഭാഗമായി കെ. മുരളീധരൻ നയിക്കുന്ന വാഹന ജാഥ നാളെ തിരുമലയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷനിലെ എല്ലാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ഈ ജാഥയുടെ തുടക്കം തന്നെ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
ബിജെപി കൗൺസിലറായിരുന്ന അനിലിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഥയ്ക്ക് തിരുമലയിൽ നിന്ന് തുടക്കമിടുന്നത്. അനിലിൻ്റെ ആത്മഹത്യയും അതിലേക്ക് നയിച്ച സഹകരണ ബാങ്കിലെ ക്രമക്കേടുകളും തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമാകുമെന്ന് ബിജെപി മുൻ വക്താവ് എം.എസ്. കുമാർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
എം.എസ്. കുമാറിൻ്റെ വെളിപ്പെടുത്തലുകൾ കോൺഗ്രസിന് ആയുധമാകുന്നു
സഹകരണ ബാങ്കിലെ ക്രമക്കേടുകളാണ് അനിലിൻ്റെ ആത്മഹത്യക്ക് കാരണമായതെന്ന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് എം.എസ്. കുമാറിൻ്റെ വെളിപ്പെടുത്തലുകൾ യു.ഡി.എഫിന് പുതിയ രാഷ്ട്രീയ ആയുധം നൽകിയിരിക്കുന്നത്. സഹകരണ സംഘത്തിൽ നിന്നും വായ്പയെടുത്തവരിൽ 90 ശതമാനവും തിരിച്ചടവ് മുടക്കിയ ബിജെപി പ്രവർത്തകരാണെന്നും, ഇതിൽ സംസ്ഥാന ഭാരവാഹികൾ വരെയുണ്ടെന്നും കുമാർ ആരോപിച്ചിരുന്നു.
കൂടാതെ, തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ, “കൂടെ നിൽക്കും എന്ന് പ്രതീക്ഷിച്ചവർ സഹകരിക്കാതെ മാറിനിൽക്കുന്ന സ്ഥിതി വന്നത് കൊണ്ട് കൂടിയാകാം പാവം അനിലിന് സ്വന്തം മക്കളെ വരെ മറന്നു ഈ കടുംകൈ ചെയ്യേണ്ടി വന്നത്” എന്ന് എം.എസ്. കുമാർ കുറിച്ചത് പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിലേക്കും വിരൽ ചൂണ്ടുന്നു.
തിരുവനന്തപുരം നഗരസഭയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കൗൺസിലർ അനിലിന്റെ ആത്മഹത്യയും കാരണങ്ങളും മുഖ്യ ചർച്ചാവിഷയമാക്കാനുള്ള യു.ഡി.എഫ് തന്ത്രമാണ് തിരുമലയിലെ ജാഥാ തുടക്കത്തിലൂടെ വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ വായ്പ തിരിച്ചടയ്ക്കാത്ത ബിജെപി പ്രവർത്തകരുടെ പേര് വിവരങ്ങൾ ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിടുമെന്ന എം.എസ്. കുമാറിൻ്റെ പ്രസ്താവന കൂടി വരുന്നതോടെ, ഈ വിഷയം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്.
![]()
