തിരുവനന്തപുരം: കോൺഗ്രസിന്റെ യുവ നേതാവും മുൻ എം.എൽ.എയുമായ കെ.എസ്.ശബരീനാഥനെ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ധാരണയായി. കവടിയാർ വാർഡിലാകും അദ്ദേഹം ജനവിധി തേടുക. കോർപ്പറേഷനിൽ പാർട്ടിയുടെ ശക്തി തെളിയിക്കുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഈ തീരുമാനത്തെ കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.
ഡി.സി.സി. ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ശബരീനാഥനെ കളത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം കൈക്കൊണ്ടത്. ബി.ജെ.പിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപ്പറേഷനിൽ പൊതുസമ്മതരും ജനകീയരുമായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എ.ഐ.സി.സി നിർദ്ദേശത്തെ തുടർന്നാണ് ഈ നീക്കം. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാർ വാർഡ് തിരഞ്ഞെടുത്തത്.
കെ.എസ്.ശബരീനാഥൻ സ്ഥാനാർത്ഥിയാകുന്ന വിവരം തിരുവനന്തപുരം കോർപ്പറേഷന്റെ ചുമതലയുള്ള കെ. മുരളീധരൻ എം.പി. സ്ഥിരീകരിച്ചു. കെ.പി.സി.സി ഭാരവാഹികളും കെ.എസ്.യു., യൂത്ത് കോൺഗ്രസ് നേതാക്കളും കോർപ്പറേഷനിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന് പരമാവധി സീറ്റുകൾ നേടാൻ ശബരീനാഥനെ മുൻനിർത്തിയുള്ള പ്രചാരണം നഗരത്തിലെ യുവാക്കളെയും വിദ്യാസമ്പന്നരെയും ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
ഘടകക്ഷികളുമായി തർക്കമില്ലാത്ത 48 വാർഡുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. തിങ്കളാഴ്ച കെ. മുരളീധരൻ നയിക്കുന്ന വാഹന പ്രചാരണ ജാഥ ആരംഭിക്കുന്നതിനു മുന്നേ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ചയോ പുറത്തിറക്കാനാണ് കോൺഗ്രസിന്റെ നീക്കം.
![]()
