കോട്ടയം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ നന്ദി പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, സി.പി.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണവുമായി കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ജെസ്വിൻ റോയ് രംഗത്ത്. “കമ്മ്യൂണിസത്തെ ഒറ്റിക്കൊടുത്ത ‘മുന്ന’യാണ് ബ്രിട്ടാസ്” എന്നാണ് ജെസ്വിൻ റോയ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച നേതാക്കളെ തഴഞ്ഞുകൊണ്ട് രാജ്യസഭയിലേക്ക് അയച്ച ജോൺ ബ്രിട്ടാസ് ഇന്ന് ഡൽഹി കേന്ദ്രീകരിച്ച് പിണറായി വിജയനും ബി.ജെ.പി.ക്കും ഇടയിലെ പാലമായി മാറുന്നുവെന്ന് ജെസ്വിൻ റോയ് ആരോപിച്ചു.
ദുരൂഹമായ രാജ്യസഭാ പ്രവേശനം:
രാഷ്ട്രീയ മേഖലയിൽ നിന്നല്ലാതെ കൈരളിയുടെ തലപ്പത്ത് നിന്നും ബ്രിട്ടാസിനെ രാജ്യസഭ വഴി കേന്ദ്രത്തിലേക്ക് അയച്ചത് അന്നുമുതലേ ദുരൂഹതകൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. പാർട്ടിക്ക് ഏറെ പ്രധാനപ്പെട്ട രാജ്യസഭാ പദവിയിലേക്ക് സി.പി.എം. നേതാക്കളെ ഒഴിവാക്കി ബ്രിട്ടാസിനെ തിരഞ്ഞെടുത്ത നടപടി ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സംശയമുനയിൽ ഡൽഹി ഇടപെടലുകൾ:
കെ.വി. തോമസിന് പദവി നൽകി ഡൽഹിയിൽ ഇരുത്തിയിട്ടുണ്ടെങ്കിലും, ബി.ജെ.പി.യുമായുള്ള ബിസിനസ് ലൈസൻ വർക്കുകൾ ഇന്ന് കോർഡിനേറ്റ് ചെയ്യുന്നത് ജോൺ ബ്രിട്ടാസ് ആണോ എന്ന ചോദ്യം പ്രസക്തമാണെന്ന് ജെസ്വിൻ റോയ് പറയുന്നു. മുഖ്യമന്ത്രിയുടെ നയതന്ത്ര യാത്രകളിലെല്ലാം ബ്രിട്ടാസ് അവിഭാജ്യ ഘടകമായി തുടരുന്നതും സംശയത്തിന് ഇടയാക്കുന്നു.
പിഎം ശ്രീയും ബ്രിട്ടാസും:
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ഒന്നടങ്കം ഇരുട്ടിൽ നിർത്തിക്കൊണ്ട് മുഖ്യമന്ത്രി പി.എം. ശ്രീ (PM-SHRI) പദ്ധതിയിൽ ഒപ്പുവെച്ചപ്പോൾ, അതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നന്ദി രേഖപ്പെടുത്തിയത് ജോൺ ബ്രിട്ടാസിനാണെന്നതാണ് ആരോപണത്തിന് പ്രധാന കാരണം. കേരളത്തിൽ നിന്നുള്ള സി.പി.എം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡൽഹിയിൽ ഉണ്ടായിരിക്കെ, അദ്ദേഹത്തെപ്പോലും അറിയിക്കാതെ ഉത്തരം നീക്കങ്ങൾ ബ്രിട്ടാസ് നടത്തുന്നത് പാർട്ടിക്കുള്ളിൽ തന്നെ ഗൗരവമായ ചർച്ചയ്ക്ക് ഇടയാക്കുമെന്നും റോയ് ചൂണ്ടിക്കാട്ടി.
“ആർ.എസ്.എസിന് ഒറ്റുകൊടുക്കുന്ന മുന്ന”:
’എമ്പുരാൻ’ സിനിമയിലെ ഒറ്റുകാരനായ ‘മുന്ന’ എന്ന കഥാപാത്രത്തെ മുൻനിർത്തി സുരേഷ് ഗോപിയെ പാർലമെന്റിൽ വിശേഷിപ്പിച്ചത് ജോൺ ബ്രിട്ടാസായിരുന്നു. എന്നാൽ ഇന്ന് കേരളത്തിലെ കമ്മ്യൂണിസത്തെ ഒന്നടങ്കം ആർ.എസ്.എസിന് ഒറ്റുകൊടുക്കുന്ന ‘മുന്ന’യായി ജോൺ ബ്രിട്ടാസ് മാറുന്ന കാഴ്ചയാണ് കാണുന്നതെന്നും ജെസ്വിൻ റോയ് തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
![]()
