തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് സർക്കാർ നടത്തിയ ‘അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപനം’ എന്ന പരിപാടി വൻ വിവാദത്തിൽ മുങ്ങി. പരിപാടിയുടെ ഉദ്ഘാടനത്തിനായി പാവപ്പെട്ടവരുടെ വീട് നിർമ്മാണ ഫണ്ടിൽ നിന്ന് 1.50 കോടി രൂപ വകമാറ്റിയതും, പരിപാടിക്ക് ആളെ എത്തിക്കാൻ ഉത്തരവ് ഇറക്കിയതും സർക്കാരിന് കനത്ത ക്ഷീണമായി.
പ്രതീക്ഷിച്ചിരുന്ന മോഹൻലാലും കമൽഹാസനും പരിപാടിക്ക് എത്താതിരുന്നത് സർക്കാരിന് തിരിച്ചടിയായപ്പോൾ, ചടങ്ങിൽ പങ്കെടുത്ത നടൻ മമ്മൂട്ടിയുടെ പ്രസംഗം സർക്കാരിന്റെ ‘പി.ആർ. വർക്കിന്’ ഏറ്റ കനത്ത ആഘാതമായി.
മമ്മൂട്ടിയുടെ പ്രസംഗം സർക്കാരിന് തിരിച്ചടി
”ഞാൻ മാസങ്ങളായി പൊതുവേദിയിലോ നാട്ടിലോ ഒന്നും ഇറങ്ങിയിട്ടില്ല. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് വരുന്ന വഴിക്ക് ഒരുപാടു കണ്ണഞ്ചപ്പിക്കുന്ന വികസനങ്ങൾ കണ്ടു,” എന്ന് പറഞ്ഞാണ് മമ്മൂട്ടി പ്രസംഗം തുടങ്ങിയത്.
എന്നാൽ, തുടർന്നുള്ള വാക്കുകൾ വികസനത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു:
”പക്ഷേ, വികസനം എന്ന് നമ്മൾ പറയുമ്പോൾ, വികസനം ആരുടെ വികസനമാണ്? രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നതു കൊണ്ട് മാത്രം നാം വികസിക്കുന്നില്ല. വികസിക്കേണ്ടത് നമ്മുടെ സാമൂഹിക ജീവിതമാണ്.”
”സാമൂഹിക ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം പരിപൂർണമായി തുടച്ചു നീക്കപ്പെടണം. അങ്ങനെ പരിപൂർണമായി തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങൾ വളരെ അപൂർവമേ ഉള്ളൂ. എന്റെ അറിവിൽ ഇല്ല.”
കേരളം പലതിനും മാതൃകയായിട്ടുള്ളതാണെന്നും, ദാരിദ്ര്യത്തെ തോളോടുതോൾ ചേർന്ന് നേരിടാമെന്നും, അതിജീവിക്കാമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. സംസ്ഥാനം ദാരിദ്ര്യമുക്തമായി എന്ന് സർക്കാർ പ്രഖ്യാപിക്കുന്ന വേദിയിൽ, ‘ദാരിദ്ര്യം പരിപൂർണ്ണമായി തുടച്ചു നീക്കപ്പെട്ട സ്ഥലങ്ങൾ എന്റെ അറിവിൽ ഇല്ല’ എന്ന് ഒരു ജനപ്രിയ നടൻ പറഞ്ഞത് സർക്കാരിന്റെ പിആർ ശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയായി.
![]()
