തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് (Infant Mortality Rate – IMR) അമേരിക്കൻ ഐക്യനാടുകളേക്കാൾ കുറവാണെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം വിവാദത്തിൽ. ‘സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞുവെന്നും ഇത് ദേശീയ ശരാശരിയായ 25 നെക്കാളും അമേരിക്കയുടെ 5.6 നെക്കാളും കുറവാണെന്നു’മാണ് മുഖ്യമന്ത്രിയുടെ തള്ള്. എന്നാൽ, അട്ടപ്പാടിയിലെ ഞെട്ടിക്കുന്ന ശിശുമരണക്കണക്കുകൾ അടക്കം ഈ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു.
അട്ടപ്പാടിയിലെ യഥാർത്ഥ ചിത്രം
മുഖ്യമന്ത്രിയുടെ ഈ ‘അമേരിക്കയെ കടത്തിവെട്ടി’ എന്ന അവകാശവാദം വരുമ്പോൾത്തന്നെ, സംസ്ഥാനത്തെ ആദിവാസി മേഖലയിലെ യഥാർത്ഥ ചിത്രം മറച്ചുപിടിക്കപ്പെടുന്നു. 2022-ൽ ആദ്യ 10 മാസത്തിനിടെ മാത്രം അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത് 13 ആദിവാസി ശിശുമരണങ്ങളാണ്. ഇതിൽ 2 വയസ്സിൽ താഴെയുള്ള 3 കുട്ടികളും 4 ഗർഭസ്ഥ ശിശുക്കളും ഉൾപ്പെടുന്നു. കൂടാതെ 12 ഗർഭഛിദ്രങ്ങളും നടന്നതായാണ് കണക്ക്.
ഔദ്യോഗിക കണക്കുകൾക്ക് അപ്പുറത്താണ് യഥാർത്ഥ ശിശുമരണ നിരക്കുകൾ എന്ന് ആദിവാസി സംഘടനകൾ ഉൾപ്പെടെ വ്യക്തമാക്കുന്നുണ്ട്. അടിസ്ഥാന ആരോഗ്യപരിരക്ഷയും പോഷകാഹാരക്കുറവും മൂലം അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിൽ ശിശുമരണങ്ങൾ തുടർച്ചയായി സംഭവിക്കുമ്പോഴാണ്, കണക്കുകളിൽ കളിച്ച് കേരളം ലോകോത്തര നിലവാരത്തിലെത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന.
ട്രംപ് വരുമോ?
’കേരളത്തെക്കുറിച്ച് പഠിക്കാനും പിണറായിയെ കാണാനും ട്രംപ് തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്’ എന്നൊരു തള്ളും ഉടൻ ഉണ്ടാകുമോയെന്ന് രാഷ്ട്രീയ നിരീക്ഷകർ ആശങ്കപ്പെടുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ട് ഇത്രയും വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് പൊതുസമൂഹത്തിൽ ഉയരുന്നത്.
![]()
