തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫിലെ (LDF) ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി (Pinarayi Vijayan) സിപിഐ (CPI) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം (Binoy Viswam) നടത്തിയ ചർച്ചയ്ക്കു ശേഷവും സമവായമായില്ല. ഇതിന്റെ പശ്ചാത്തലത്തിൽ സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും (CPM) അനുനയ ശ്രമങ്ങൾ തള്ളിക്കൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ആലപ്പുഴയിൽ വെച്ചാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും തമ്മിൽ ചർച്ച നടന്നത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം സിപിഐ മന്ത്രിമാരുമായും സംസ്ഥാന നേതാക്കളുമായും ബിനോയ് വിശ്വം വീണ്ടും ചർച്ച നടത്തി. ഈ ചർച്ചയിലാണ് നിർണായകമായ രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്.
പിഎം ശ്രീ വിഷയത്തിൽ നിലവിൽ സമവായ നിർദ്ദേശം അംഗീകരിക്കേണ്ടെന്നാണ് സിപിഐയുടെ നിലപാട്. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ചേരുന്നതിനെതിരെ സിപിഐ തുടക്കം മുതൽ തന്നെ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു.