കോഴിക്കോട് : ഒക്ടോബർ 9 ന് ഡൽഹിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചതും അതിനെത്തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ സംഭവിച്ച നയപരമായ മാറ്റവുമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചാവിഷയം. കേന്ദ്രത്തിന്റെ പി.എം. ശ്രീ (PM-SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത്, ഒക്ടോബർ 9-ലെ ഈ ‘അപൂർവ’ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ്.
🏡 കൃഷ്ണമേനോൻ മാർഗിലെ കൂടിക്കാഴ്ച: അസാധാരണമായി സംഭവിച്ചതെന്ത്?
കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റ ശേഷം സാധാരണ കൂടിക്കാഴ്ചകൾ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറ്. അപൂർവ അവസരങ്ങളിൽ മാത്രമേ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിന് പുറത്ത് കൂടിക്കാഴ്ചകൾ അനുവദിക്കാറുള്ളൂ. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നൽകിയത് കൃഷ്ണമേനോൻ മാർഗിലെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു. സാധാരണ ഗതിയിൽ കൂടിക്കാഴ്ചക്ക് അനുവാദം നൽകാത്ത ഷാ, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം അനുവദിക്കുന്ന ഈ കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടുനിന്നു.
🔄 ദിവസങ്ങൾക്കകം നിലപാട് മാറ്റം: പിഎം ശ്രീയിൽ ഒപ്പ് വെച്ചു
ഒക്ടോബർ 9 ലെ സന്ദർശനത്തിനെ പിന്നാലെ കൃത്യം ഏഴാം ദിവസം, അതായത് ഒക്ടോബർ 16 ന്, അതുവരെ നഖശിഖാന്തം എതിർത്തിരുന്ന പി.എം. ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടു. അമിത് ഷായുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേരള സർക്കാരിന്റെ മുഖ്യ ഘടകകക്ഷിയായ സി.പി.ഐ.യെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഈ സുപ്രധാന തീരുമാനം നടപ്പിലാക്കിയത്.
📢 പഴയ നിലപാട്: ‘പുതിയ വിദ്യാഭ്യാസ നയം അംഗീകരിക്കാനാവില്ല’

പുതിയ വിദ്യാഭ്യാസ നയം അംഗീകരിക്കാനാകില്ല എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രിയാണ് അമിത് ഷായെ കണ്ട ഉടനെ നിലപാട് മാറ്റിയത് എന്നതും ശ്രദ്ധേയമാണ്. 2025 ജൂലൈ 1 ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്ത പ്രകാരം, എസ്.എഫ്.ഐ.യുടെ 18-ാം അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വിദ്യാർഥി റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് ഇതാണ്:
”രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവി തലമുറയ്ക്ക് തെറ്റായ വിവരങ്ങൾ കൈമാറുന്നതുമായ പുതിയ വിദ്യാഭ്യാസ നയം അംഗീകരിക്കാനാകില്ല. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ആഗോളവൽക്കരണ, ഉദാരവൽക്കരണ, കാവിവൽക്കരണ നയങ്ങൾ പിന്തുടർന്നല്ല കേരളം മുന്നോട്ടുപോകുന്നത്. കേന്ദ്രത്തിന്റെ പാഠപുസ്‌തക ഭേദഗതി ഞങ്ങൾ അംഗീകരിച്ചില്ല.”
ബി.ജെ.പി.യെയും ആർ.എസ്.എസിനെയും നിശിതമായി വിമർശിച്ചുകൊണ്ട്, ഫാസിസ്റ്റ് നയങ്ങളാണ് അവരുടേതെന്നും മുഖ്യമന്ത്രി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു കടുത്ത നിലപാടെടുത്ത മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് ശേഷം ഉടൻ തന്നെ പിഎം ശ്രീ പോലുള്ള ഒരു കേന്ദ്ര പദ്ധതിയിൽ ഒപ്പിട്ടത്, രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ പല സംശയങ്ങൾക്കും ഊഹങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ കേന്ദ്ര ഏജൻസി വക അന്വേഷണം നടക്കുകയാണ്. മകനും സമൻസ് ലഭിച്ചു. ഇതാണ് കൂടികാഴ്ചയിലെ ലക്ഷ്യത്തിൽ സംശയം ജനിപ്പിക്കുന്നത്.