ലണ്ടൻ: യുകെയിൽ കുട്ടികളെ ഓൺലൈൻ വഴി ചൂഷണം ചെയ്യുകയും ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്ത 27 കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് 30 വർഷം തടവ് ശിക്ഷ വിധിച്ചു. ചെസ്റ്റർ ക്രൗൺ കോടതിയുടേതാണ് വിധി. ബിലാൽ കാസി എന്ന പ്രതിയാണ് ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഗെയിമിംഗ് സൈറ്റുകളിലും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി 10 നും 15 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ടത്. ഇരകളുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം, കുട്ടികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കുകയുമായിരുന്നു.
വളരെ ആസൂത്രിതമായ രീതിയിലാണ് പ്രതി കുട്ടികളെ വലയിലാക്കിയതെന്ന് യുകെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സി.പി.എസ്) വ്യക്തമാക്കി. ബ്രിട്ടീഷ് പൊലീസിന്റെയും അന്വേഷണ ഏജൻസികളുടെയും നേതൃത്വത്തിൽ നടത്തിയ ശക്തമായ നീക്കത്തിനൊടുവിലാണ് പ്രതി നിയമത്തിന് മുന്നിൽ അകപ്പെട്ടത്.
