ന്യൂഡൽഹി: 2027 ലെ സി.ബി.എസ്.ഇ. (CBSE) പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷകൾക്കായുള്ള വിഷയാടിസ്ഥാനത്തിലുള്ള മാർക്ക് വിഭജന പട്ടിക ബോർഡ് ഔദ്യോഗികമായി പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് കൃത്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനും സ്കൂളുകൾക്ക് മാർക്ക് അപ്ലോഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ ഒഴിവാക്കുന്നതിനുമാണ് ഈ സർക്കുലർ.
പത്താം ക്ലാസ് മാർക്ക് വിഭജനത്തിന്റെ പ്രധാന വിവരങ്ങൾ
പത്താം ക്ലാസിലെ പ്രധാന വിഷയങ്ങളായ ഇംഗ്ലീഷ്, ഹിന്ദി, കണക്ക് (സ്റ്റാൻഡേർഡ് & ബേസിക്), സയൻസ്, സോഷ്യൽ സയൻസ് എന്നിവയ്ക്ക് ആകെ 100 മാർക്കാണ് ഉള്ളത്:
- തിയറി പരീക്ഷ: 80 മാർക്ക്
- ഇന്റേണൽ അസ്സെസ്മെന്റ്: 20 മാർക്ക്
എങ്കിലും വൊക്കേഷണൽ, സ്കിൽ അധിഷ്ഠിത വിഷയങ്ങളുടെ പാറ്റേൺ വ്യത്യസ്തമാണ്:
- ഹോം സയൻസ്: 70 മാർക്ക് തിയറിയും 30 മാർക്ക് പ്രാക്ടിക്കലുമാണ്.
- കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റ സയൻസ് തുടങ്ങിയവ: 50 മാർക്ക് തിയറിയും 50 മാർക്ക് പ്രാക്ടിക്കലും (50:50 അനുപാതം).
പന്ത്രണ്ടാം ക്ലാസ് മാർക്ക് വിഭജനത്തിന്റെ പ്രധാന വിവരങ്ങൾ
സ്ട്രീമുകൾക്കനുസരിച്ച് പന്ത്രണ്ടാം ക്ലാസ് മാർക്ക് ഘടനയിൽ മാറ്റങ്ങളുണ്ട്:
- സയൻസ് വിഷങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ്): 70 മാർക്ക് തിയറി പരീക്ഷയ്ക്കും 30 മാർക്ക് പ്രാക്ടിക്കൽ പരീക്ഷയ്ക്കുമായാണ് വിഭജിച്ചിരിക്കുന്നത്.
- കൊമേഴ്സ് & ഹ്യുമാനിറ്റീസ് (മാത്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, അക്കൗണ്ടൻസി തുടങ്ങിയവ): 80 മാർക്ക് തിയറിക്കും 20 മാർക്ക് പ്രോജക്ട്/ഇന്റേണൽ അസ്സെസ്മെന്റിനുമാണ്.
പ്രാക്ടിക്കൽ പരീക്ഷാ തീയതികൾ
റെഗുലർ സ്കൂളുകൾക്കായി പ്രാക്ടിക്കൽ പരീക്ഷകളും ഇന്റേണൽ അസ്സെസ്മെന്റുകളും 2027 ജനുവരി 1 മുതൽ ഫെബ്രുവരി 13 വരെ നടക്കും. തണുപ്പുകാല മേഖലകളിലെ സ്കൂളുകളിൽ 2026 നവംബർ 9 മുതൽ ഡിസംബർ 19 വരെയാണ് പരീക്ഷകൾ. അപ്ലോഡ് ചെയ്ത പ്രാക്ടിക്കൽ മാർക്കുകൾ പിന്നീട് മാറ്റാൻ അനുവാദമില്ലെന്നും ബോർഡ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിശദമായ പി.ഡി.എഫ്. വിവരങ്ങൾക്ക് cbse.gov.in ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
